പി സി ജോർജിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ തിരക്കഥയായിരുന്നെന്ന് വിമർശിച്ച് മുസ്ലീം ലീഗ്. ഇതിലൂടെ മതേതര കേരളത്തെയും മുസ്ലീം സമുദായത്തെയും സർക്കാർ കബളിപ്പിക്കുകയായിരുന്നു. ജോർജ്ജിന് ജാമ്യം ലഭിക്കാൻ സർക്കാർ സഹായിച്ചെന്നും ലീഗ്പി നേതാവ് പി എം എ സലാം ആരോപിച്ചു.
കോഴിക്കോട്: മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ തിരക്കഥയായിരുന്നെന്ന് വിമർശിച്ച് മുസ്ലീം ലീഗ്. ഇതിലൂടെ മതേതര കേരളത്തെയും മുസ്ലീം സമുദായത്തെയും സർക്കാർ കബളിപ്പിക്കുകയായിരുന്നു. ജോർജ്ജിന് ജാമ്യം ലഭിക്കാൻ സർക്കാർ സഹായിച്ചെന്നും ലീഗ്പി നേതാവ് പി എം എ സലാം ആരോപിച്ചു.
മത വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജ്ജിനെ ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ജോർജ്ജിനെ തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ജോർജ്ജിനെ ജാമ്യത്തിൽ വിട്ടു. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ജോർജ്ജിൻറെ പ്രതികരണം.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൻറെ പേരിലാണ് പി സി ജോർജ്ജിനെ നാടകീയമായി അറസ്റ്റ് ചെയതത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലെ ജോർജ്ജിൻറെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. ഫോർട്ട് എസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ ജോർജ്ജിൻറെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ പൊലീസിന് സർക്കാരിൽ നിന്ന് നിർദ്ദേശമുണ്ടായിരുന്നു.
രാവിലെ പത്ത് പത്തോടെ ജോർജ്ജിനെ എ ആർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം അറസ്ററ് രേഖപ്പെടുത്തി. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാൻ ശ്രമിച്ചതിൻറെ പേരിൽ ഐപിസി 153 എയും വാക്കും പ്രവൃത്തിയും കൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തിയതിന് 295 എയും ചുമത്തിയായിരുന്നു അറസ്റ്റ്. കോടതി അവധിയായതിനാൽ പന്ത്രണ്ടരയോടെ ജോർജ്ജിനെ വഞ്ചിയൂരിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻറെ വീട്ടിൽ കൊണ്ട് പോയി ഹാജരാക്കി. റിമാൻഡിനുള്ള പൊലീസ് അപേക്ഷ തള്ളിക്കൊണ്ടാണ് ഉപാധികളോടെ ജോർജിനെ ജാമ്യത്തിൽ വിട്ടത് . വിദ്വേഷ പ്രസംഗം ആവർത്തിക്കരുത് , പൊലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം എന്നിവയാണ് ജാമ്യത്തിനുള്ള ഉപാധികൾ.
