Asianet News MalayalamAsianet News Malayalam

പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകള്‍ കൂടുതൽ ഉയർത്തും; തൃശ്ശൂർ ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തി.ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Peechi Dam Shutters to be raised visit to tourist spots in Thrissur discouraged
Author
Thrissur, First Published Nov 14, 2021, 5:43 PM IST

തൃശ്ശൂർ: പീച്ചി ഡാമിന്റെ (Peechi Dam) നാല് ഷട്ടറുകള്‍ ഇന്ന് വൈകിട്ട് ആറു മണിവരെ നിലവിലെ അഞ്ച് സെന്റീമീറ്ററില്‍ നിന്ന് 10 സെന്റീമീറ്ററായി ഉയര്‍ത്തും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ (Thrissur) ജില്ലയിൽ ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെയും കാഴ്ചക്കാരെ കർശനമായി വിലക്കിയിട്ടുണ്ട്. അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി. 

മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തി.ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

തെക്കൻ ജില്ലകളിൽ കനത്ത മഴ

തീവ്രത കുറഞ്ഞെങ്കിലും തുടർച്ചയായ രണ്ടാം ദിനവും തിരുവനന്തപുരത്തും കൊല്ലത്തും മഴ തുടരുകയാണ്. നാഗർകോവിൽ റൂട്ടിലെ റെയിൽവെ പാളത്തിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. കൊല്ലത്ത് വെള്ളക്കെട്ട് മൂലം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. മലയോരമേഖലകൾ മണ്ണിടിച്ചൽ ഭീഷണിയിലാണ്.

പരപ്പാർ അണക്കെട്ടിലെ ഷട്ടറുകൾ 20 സെൻ്റി മീറ്റർ കൂടി ഉയർത്തി. കല്ലടയാറിന് തീരത്ത് ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുനലൂരിലും പരിസരപ്രദേശങ്ങളിലുമാണ് മഴ കുടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചത്. പുനലൂർ ചാലിയേക്കരയാർ കരകവിഞ്ഞതോടെ ചാലിയേക്കര പാലം വെള്ളത്തിൽ മുങ്ങി, പുനലൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ താഴത്തെ നില വെള്ളത്തിൽ മുങ്ങിയതോടെ രോഗികളെ മാറ്റി. പത്തനാപുരം പട്ടണത്തിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം കെ ബി ഗണേഷ്കുമാർ എംഎൽഎയും ഡിങ്കി വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. 

പാറശ്ശാല ഗ്രാമപഞ്ചായത്തിന് ഓഫീസിനോട് ചേർന്ന് സ്ഥലത്താണ് ഇന്ന് വീണ്ടും മണ്ണ് ഇടിഞ്ഞ് വീണത്. ഇതോടെ ഈ കെട്ടിടവും അപകടഭീതിയിലാണ്. മണ്ണ് മാറ്റാൻ കുറഞ്ഞത് രണ്ട് ദിവസമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിലെ ട്രെയിനുകൾ പലതും വഴിതിരിച്ചുവിട്ടു. അമ്പൂരി, വെള്ളറട തുടങ്ങിയ മലയേരപ്രദേശങ്ങളിലും രാത്രി മുതൽ മഴ തുടരുകയാണ്. നഗരമേഖലയിലും ഇടവിടാതെ മഴ തുടരുകയാണ്. തിരുവല്ലത്ത് കനത്തമഴയിൽ കിണർ ഇടിഞ്ഞുവീണു. രണ്ട് ജില്ലകളിലേയും  അപകട സാധ്യത മേഖലകളിൽ ക്യാമ്പുകളുൾപ്പെടെ സജ്ജമാണ്.

Follow Us:
Download App:
  • android
  • ios