Asianet News MalayalamAsianet News Malayalam

പെഗാസസ്: മെഹ്ബൂബ മുഫ്തിയടക്കം കശ്മീരിൽ 25 പേരുടെ ഫോണുകൾ ചോർത്തിയെന്ന് വെളിപ്പെടുത്തൽ

ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ മിർവെയ്സ് ഉമർ ഫറൂക്കും നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്

Pegasus mehbooba mufti and 25 peoples phone tapped report
Author
Thiruvananthapuram, First Published Jul 23, 2021, 5:20 PM IST

ദില്ലി: പെഗാസെസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. രാഷട്രീയ നേതാക്കളടക്കം കശ്മീരിൽ 25 ലധികം പേരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. അവിഭക്ത ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നു. വിഘടനവാദി നേതാവ് അലി ഷാ ഗിലാനിയുടെ മരുമകനടക്കം നാല് ബന്ധുക്കളുടെ ഫോണുകളും ചോർത്തിയെന്നും ദി വയർ റിപ്പോർട്ട് ചെയ്യുന്നു. 

ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ മിർവെയ്സ് ഉമർ ഫറൂക്കും നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ട് മുൻപാണ് ഫോണുകൾ ചോർന്നത്. അതിനിടെ പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലവും പുറത്തുവന്നു. ഇന്ത്യയിൽ പരിശോധിച്ച പത്ത് പേരുടെ ഫോണിൽ ചോർച്ച നടന്നതായി സ്ഥിരീകരിച്ചു. പേര് വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാവില്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു.

പെഗാസസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചുവെന്നാണ് കോൺഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തൽ. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്ന് രാഹുൽ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തന്റെ ഫോൺ ചോർത്തിയത് മാത്രമല്ല വിഷയമെന്നും ചോർത്തലിനെ ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കിൽ ഭയം വേണ്ടെന്നാണ് രാഹുലിൻ്റെ വിശദീകരണം. 

പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. ലോകസഭയിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. 

 

Follow Us:
Download App:
  • android
  • ios