ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ആണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്നും ഷാഫി പരിഹസിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ നടപടി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പെൻഷൻ പ്രായത്തിൽ ഒളിച്ചു കടത്തലിനായിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് പാലക്കാട് എംഎൽഎ കൂടിയായ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവ് മരവിപ്പിച്ചാൽ പോര, പൂർണമായി പിൻവലിക്കണം. ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നൽ പാടില്ല. യുവജനങ്ങളുടെ രോഷമാണ് ഫലം കണ്ടത്. സർക്കാരിനെതിരെ സമരരംഗത്ത് ഇറങ്ങിയ യുവാക്കളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റേത് ബുദ്ധിശൂന്യമായ തീരുമാനമായിരുന്നുവെന്നും യുവജന രോഷം അത് ബോധിപ്പിച്ചെന്നും എംഎൽഎ പറഞ്ഞു. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ആണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്നും ഷാഫി പരിഹസിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് വാർത്താക്കുറിപ്പിലൂടെ നേതാക്കൾ വ്യക്തമാക്കി. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാറിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയവിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന പ്രകടന പത്രിക വാഗ്ദാനം അടക്കം ഓർമ്മിപ്പിച്ചുള്ള പ്രതിഷേധമാണ് അതിവേഗമുള്ള യു ടേണിൻറെ കാരണം.

മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. കടുത്ത പ്രതിഷേധമുണ്ടെന്നും തീരുമാനം മരവിപ്പിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമ പ്രശ്നങ്ങൾ വരുമെന്ന് നിയമ മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഒക്ടോബർ 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്. ഇപിഎഫ് പെൻഷൻ പ്രായവും നിലവിൽ വിവിധ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ഉള്ളതും എല്ലാം പരിഗണിച്ച് തുടർ നടപടിക്ക് ചീഫ് സെക്രട്ടറിയെ കാബിനറ്റ് ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സർക്കാർ കണക്കാക്കിയിരുന്നു.