കാസർകോഡ്: മാസങ്ങള്‍ക്ക് മുമ്പ് പട്ടികയില്‍ ഇടം നേടിയിട്ടും ഇതുവരെ പെന്‍ഷന്‍ കിട്ടാത്ത 511 എന്‍ഡോസള്‍ഫാന്‍ ബാധിരായ കുട്ടികള്‍ക്ക് പെന്‍ഷന്‍ നൽകാൻ തീരുമാനം. കാസർകോഡ് ജില്ലാ കലക്ടറാണ് പണം അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. നേരത്തെ പട്ടികയില്‍ ഇടം നേടിയ എന്‍ഡോസള്‍ഫാര്‍ ദുരിത ബാധിതര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കിയ സര്‍ക്കാര്‍ ഈ ലോക്ഡൗണ്‍ കാലത്ത് 511 പേരെ മറന്ന വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

2017 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് 18 വയസില്‍ താഴെയുള്ള കുട്ടികളുടെ പട്ടിക തയ്യാറാക്കിയത്. 2019 ല്‍ കേരള  മുഖ്യമന്ത്രിയുമായി എന്‍ഡോസള്‍ഫാന്‍ സമരസമിതി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഈ 511 പേര്‍ക്കും അനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും സഹായം കിട്ടുമെന്നും ഉറപ്പ് നല്‍കി. അതനുസരിച്ച് ഇവരെ പട്ടികയിലും ഉള്‍പ്പെടുത്തി. എന്നാല്‍ മാസം പത്ത് കഴിഞ്ഞിട്ടും ഇവര്‍ക്ക് ഒരു രൂപ ആനുകൂല്യം കിട്ടിയില്ല. ലോക്ഡൗണ്‍ തുടങ്ങിയതോടെ തീരെ ഗതിയില്ലാത്ത ഇവരുടെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായി. അതുവരെ സഹായിച്ചിരുന്ന നാട്ടുകാര്‍ക്കും സഹായിക്കാനാകാതെയായി. പട്ടികയിലുള്ള മറ്റ് മുഴുവന്‍ ദുരിത ബാധിതര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുത്തിട്ടും ഇവരെ മറന്ന കാര്യം ഏഷ്യാനെറ്റ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയത്തില്‍ കാസറഗോഡ് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു ഇടപെടുകയായിരുന്നു.