തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശഅനകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ചെളി നീക്കം ചെയ്യാൻ നടപടി തുടങ്ങി. ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കുട്ടനാട്ടുകാരുടെ കഷ്ടപ്പാട് നിയമസഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. മുറിവേറ്റ് കുട്ടനാട്ടിൽ നിന്ന് ജനം പലായനം ചെയ്യുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അടിയന്തര നടപടി തുടങ്ങിയെനനും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ കുട്ടനാടിനും കരകയറണമെന്ന പരമ്പരയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കുട്ടനാട് ഭരണകൂടത്തെ നോക്കി നിലവിളിക്കുകയാണെന്നായിരുന്നു അടിയന്തര പ്രമേയ അവതാരകനായ പി സി വിഷ്ണുനാഥ് എം എൽ എ പറഞ്ഞത്.സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. 2019-20 കാലത്ത് അഞ്ഞൂറുകോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെലവാക്കിയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്നകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ചെളി നീക്കം ചെയ്യുന്നതടക്കമുള്ള നടപടി തുടങ്ങിയതായും ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
മാധ്യമങ്ങൾ നിരന്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കുട്ടനാട് കണ്ടിട്ടില്ലാത്ത ആളുകൾ ആണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. കുട്ടനാടിനെ തകർക്കുന്നതാണ് പുതിയ പദ്ധതികളെന്നും പ്രതിപക്ഷം ആരോപിച്ചു.
കുട്ടനാട്ടുകാർ വെള്ളത്തിൽ അല്ലെന്നായിരുന്നു കുട്ടനാട് എം എൽ എ തോമസ് കെ തോമസിന്റെ മറുപടി. പിജെ ജോസഫും കൊടിക്കുന്നിൽ സുരേഷും തമ്മിലെ അടി മൂലമാണ് ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കാതെ പോയത്. കുട്ടനാടിനെ ഇത്രയെറേ സഹായിച്ച സർക്കാർ പിണറായി സർക്കാർ അല്ലാതെ വേറെ ഇല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.
ചെന്നെ ഐ ഐ ടിയുടെ പഠന റിപ്പോർട്ട് കിട്ടിയ ശേഷം തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. ഒന്നാം പ്രളയ ശേഷം കുട്ടനാട്ടിൽ സർക്കാർ നടത്തിയത് മികച്ച പ്രവർത്തനം കുട്ടനാട്ടിൽ നിന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരെ തിരികെ കൊണ്ട് വരും റോഷി അഗസ്റ്റിൻ പറഞ്ഞു.
വാഗ്‌ദാന പെരുമഴ കൊണ്ടുള്ള വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നുവെന്ന് പ്രതിപക്ഷ നതാവ് വി ഡി സതീശൻ പരിഹസിച്ചു. ജനങ്ങളുടെ സ്ഥിതി കണ്ടാൽ സഹിക്കില്ല. വെള്ളത്തിലാണ് ജനം ജീവിക്കുന്നത്. താനത് നേരിൽ കണ്ടതാണ്. കുട്ടനാടിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതി വേണം. പ്രതിപക്ഷം അതുമായി സഹകരിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു
കുട്ടനാട്ടുകാർ വെള്ളത്തിലല്ല കഴിയുന്നതെന്നു പറഞ്ഞ കുട്ടനാട് എം എൽഎയ്ക്കെതിരെ രൂക്ഷമായ പരിഹാസമാണ് വി ഡി സതീശന്‍ നടത്തിയത്. തോമസ് കെ.തോമസിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിയാകണമെങ്കിൽ മുഖ്യമന്ത്രിയെ സുഖിപ്പിക്കണം.അതു ചെയ്തോ.അതിന് കോൺഗ്രസിൻ്റെ മെക്കിട്ടു കയറണ്ടെന്നും വി ഡി സതീശന്റെ പറഞ്ഞു. ജനകീയ വിഷയങ്ങളാണ് അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചിച്ചും ഇന്ന് ഇറങ്ങിപ്പോയില്ല.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
