കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ  മതിൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു. ചെങ്ങൽ തോടിന്‍റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടാൽ വീണ്ടും വീടുകളിലേക്ക് വെള്ളം കയറുമെന്നാരോപിച്ചാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

മഴ കനത്തത്തോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോടിൽ നിന്ന് വെള്ളം കയറിയാണ്  വിമാനത്താവളത്തിന്‍റെ  റൺവേ മുങ്ങിയത്. സമീപത്തുള്ള വീടുകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് ആവണംകോട് ഭാഗത്തെ മൂന്ന് നില കെട്ടിടവും വിമാനത്താവളത്തിന്റെ മതിലും ഇടിഞ്ഞു. വെള്ളപ്പൊക്കത്തിൽ തകർന്ന നൂറ് മീറ്ററോളം ഭാഗത്തെ മതിലാണ് സിയാൽ പുനർനിർമ്മിക്കാൻ തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ജനകീയ പ്രക്ഷോഭം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മതിൽ നിർമ്മാണം സിയാൽ താത്ക്കാലികമായി നിർത്തിവച്ചു.  മഴ പെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ എത്തുന്ന വെള്ളം ഒഴുകി പോകാനുള്ള ഓട നിർമ്മിച്ചിരിക്കുന്നത് ചെങ്ങൽ തോടിലേക്കാണ്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കസമയത്ത് വെള്ളം പുറത്തേക്ക് ഒഴുകുന്നതിന് പകരം വിമാനത്താവളത്തിന്റെ അകത്തേക്കാണ് എത്തുക.