സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി ജില്ല കലക്ടർ ഡോ രേണു രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ കോർപ്പറേഷനോടും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദേശം നൽകി

കൊച്ചി: എറണാകുളത്ത് കുടിവെള്ള ടാങ്കർ വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്വം നേരിട്ടു. കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളിൽ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പല വിധ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. പൊതുടാങ്കിൽ നിന്ന് പൈപ്പ് വഴി വെള്ളം കുടിച്ചവരും ചികിത്സ തേടേണ്ട അവസ്ഥയിലാണ്.

സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി ജില്ല കലക്ടർ ഡോ രേണു രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ കോർപ്പറേഷനോടും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദേശം നൽകി. വാട്ടർ അതോറിട്ടിയുടെ കേന്ദ്രങ്ങളിൽ നിന്നു മാത്രമേ വെള്ളം എടുക്കാവൂ എന്ന് എല്ലാ ടാങ്കർ ഉടമകൾക്കും നിർദ്ദേശം നൽകിയിരുന്നു. ആരെങ്കിലും ഈ നി‍ർദ്ദേശം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

കൊച്ചിയിൽ ടാങ്കറുകളുടെ ലഭ്യത കുറവ് പരിഹരിക്കുമെന്നും കളക്ട‍ർ അറിയിച്ചു. ടാങ്കർ ലോറി ഉടമകളുടെ അടിയന്തിര യോഗം ഇന്ന് വൈകിട്ട് 4 മണിക്ക് വിളിച്ചിട്ടുണ്ടെന്നും കലക്ടർ രേണു രാജ് വ്യക്തമാക്കി. അതേസമയം കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞിരിക്കുകയാണ് പശ്ചിമ കൊച്ചി. ടാങ്കറുകളിലെ ജല വിതരണം വൈകുന്ന സ്ഥിതിയാണ്. 

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. പിറവത്തിനടുത്ത് പഴവൂർ പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളും തകരാറിലായത് ജല വിതരണം തടസ്സപ്പെടാൻ കാരണമായി. കുടിവെള്ളം കിട്ടാനില്ലെന്ന പരാതി വ്യാപകമായതോടെയാണ് മന്ത്രി തന്നെ നേരിട്ടെത്തി യോഗം വിളിച്ചത്. കേടായ മോട്ടറുകളിൽ ആദ്യത്തേത് ഈ മാസം 26 നും രണ്ടാമത്തേത് മാർച്ച് 8 നും പ്രവർത്തന ക്ഷമമാവൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെയാണ് കുടിവെള്ള വിതരണം കാര്യ ക്ഷമമാക്കാൻ നോഡൽ ഓഫീസറെ നിയോഗിച്ചത്. ഇതിന്റെ ഭാ​ഗമായാണ് താത്കാലിക സംവിധാനമെന്ന നിലയിൽ വെള്ളം എത്തിച്ചത്.