മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസം. അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. ഭിന്നിപ്പിച്ചു ഭരിക്കുന്ന എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകി. മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസം. അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം വലിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 

വിദ്വേഷ പ്രചാരണത്തിന് രാജ്യത്ത് യാതൊരു സ്ഥാനവും ഇല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ ജനം പ്രഖ്യാപിച്ചു. കൊടും വർഗീയത നിറഞ്ഞ വാക്കുകൾ അധികാരികൾ പറഞ്ഞു. വെറുപ്പിന്‍റെ അങ്ങാടിയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തത്. ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വർഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പാളയം ഇമാം പറഞ്ഞു. ചരിത്രത്തെ കാവിവൽക്കരിക്കുന്നതിൽ നിന്നും എൻസിഇആർടി പിന്മാറണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യും. മാസങ്ങൾ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും പാളയം ഇമാം വിമർശിച്ചു.

ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്രം മുന്നോട്ടുവന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. ഓരോ സമുദായവും എന്ത് നേടി എന്നത്തിന്റെ കണക്ക് പുറത്ത് വിടണം. അതാണ് തെറ്റായ പ്രചാരണത്തിന് തടയിടാൻ നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

YouTube video player