മലപ്പുറം: ഇനി തിരിച്ചുവരില്ലെന്നാണ് കരുതിയത്. പക്ഷേ ചീരോളി പ്രകാശനും കുടുംബവും രക്ഷപ്പെട്ടത് നിമിഷാർദ്ധം കൊണ്ടാണ്. വീട് മുഴുവൻ മണ്ണിലാണ്ട് പോയതാണ്. മരിച്ചുപോയവരുടെ പട്ടികയിലായിരുന്നു. അവിടെ നിന്നാണ് താൻ ജീവനോടെയുണ്ടെന്ന് പ്രകാശൻ പഞ്ചായത്ത് മെമ്പറോട് വിളിച്ചുപറയുന്നത്. ഉയിർത്തെഴുന്നേറ്റവരാണിവർ. കൺമുമ്പിൽ നിന്ന മരണത്തിൽ നിന്ന് ഓടിമാറിയവർ. 

''ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിലായിരുന്നു. ഒരു ഇരമ്പമായിരുന്നു. വെള്ളവും ചെളിയും അടിച്ചു കയറുവായിരുന്നു. ആ സമയത്ത് ഞാൻ കിടന്നുറങ്ങുവായിരുന്നു. കുട്ടികൾ മാത്രമാണ് ഉണർന്നെഴുന്നേറ്റിരുന്നത്. 

കുട്ടികൾ ഉറക്കെ കരയുന്ന ഒച്ച കേട്ട് ഞാനെഴുന്നേറ്റോടി വന്നു. വീടിനുള്ളിൽ മൊത്തം ഇരുട്ടായി. അയൽവാസികൾ അടുക്കള വഴി ഇറങ്ങി ഓടിക്കോ എന്ന് പറയുന്നത് കേട്ട് ഇറങ്ങി ഓടിയതാണ്'', ഓർക്കുമ്പോൾ ഇപ്പോഴും പ്രകാശന് ഉള്ളു കിടുങ്ങും. 

''അന്ന് രാത്രി ഒരു സുഹൃത്തിന്‍റെ വീട്ടിൽ കിടന്നു. പിറ്റേന്ന് രാവിലെ പൂളപ്പാടം ക്യാംപിൽ വന്നു. എന്‍റെ ജ്യേഷ്ഠനെയും അനിയനെയും കാണാനില്ലായിരുന്നു. അവരുടെ കുട്ടികളെയടക്കം കൂട്ടി ഞാൻ ജ്യേഷ്ഠന്‍റെ മൂത്ത മോളുടെ വീട്ടിൽ പോയി. അവിടെ സൗകര്യങ്ങൾ കുറവായപ്പോൾ പിന്നിങ്ങോട്ട് വേറെ ക്യാംപിലേക്ക് മാറിയതാ'', പറയുന്നിതിനിടയിലും പ്രകാശന്‍റെ കണ്ണ് നിറഞ്ഞൊഴുകി. ഒടുവിൽ പൊട്ടിക്കരഞ്ഞു. 

രക്ഷപ്പെട്ടെന്ന ആശ്വാസമില്ല ഉള്ളിൽ പ്രകാശന്. അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനെയും അനിയനെയും, അനിയന്‍റെ ഭാര്യയെയും കാണാനില്ല. അവരുടെ വിവരമൊന്നുമില്ല. വീടും മണ്ണ് മൂടിപ്പോയി. 

കോട്ടയത്താണ് പ്രകാശനും കുടുംബവും താമസിക്കുന്നത്. ഒരു ദിവസത്തേക്ക് കവളപ്പാറയിലേക്ക് വന്നതായിരുന്നു അവർ. ''ഞാനൊരു ദിവസത്തേക്ക് വന്നതാ. കോട്ടയത്തേക്ക് തിരികെപ്പോകാൻ പറ്റാതായതുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അതുകൊണ്ട് ഈ കുട്ടികളെങ്കിലും രക്ഷപ്പെട്ടു. അതല്ലെങ്കിൽ അതുമില്ല'', പ്രകാശന് വിങ്ങലടക്കാനാകുന്നില്ല. 

ഉരുൾപൊട്ടൽ സാധ്യത ആരും മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് പ്രകാശനും കുടുംബവും ക്യാംപിലുള്ളവരും പറയുന്നു. പ്രകാശൻ കഴിയുന്ന ക്യാംപിലെ പലരുടെയും ബന്ധുക്കളും ഉറ്റവരും എവിടെയെന്നറിയില്ല. കണ്ണീരോടെ കാത്തിരിക്കുകയാണവർ. മൃതദേഹങ്ങളെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന പ്രാർത്ഥന മാത്രം.