അപേക്ഷയുടെ വിശാദംശങ്ങളും ക്വാറന്‍റൈന്‍ ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സൗകര്യവും അതത് തദ്ദേശ സ്ഥപനങ്ങള്‍ വിലയിരുത്തും

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിന് പുറത്ത് കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചെക്പോസ്റ്റിലെ പരിശോധനക്ക് ശേഷം എവിടെ നീരീക്ഷണത്തില്‍ ആക്കണമെന്ന് തീരുമാനിക്കും. കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് കേരളത്തില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

നോര്‍ക്കയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ എന്‍ഐസിയുടെ ഇ ജാഗ്രത പോര്‍ട്ടിലിലേക്ക് മാറ്റും. അപേക്ഷയുടെ വിശാദംശങ്ങളും ക്വാറന്‍റൈന്‍ ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സൗകര്യവും അതത് തദ്ദേശ സ്ഥപനങ്ങള്‍ വിലയിരുത്തും. ഇത് അംഗീകരിച്ച് കഴിഞ്ഞാല്‍ അപേക്ഷകന്‍റെ മൊബൈലിലേക്ക് ഇ പാസിന്‍റെ ക്യൂആര്‍ കോഡ് യാത്ര തീയതിയടക്കം ലഭിക്കും. ഇത് ചെക്പോസ്റ്റില്‍ കാണിക്കണം. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും.

വാടക വാഹനങ്ങളില്‍ സംസ്ഥാന അതിര്‍ത്തി വരെ വരുന്നവര്‍ക്ക് വീട്ടില്‍ നിന്ന് എത്തിച്ച വാഹനത്തില്‍ മടങ്ങാം. പക്ഷെ ഡ്രൈവറും ക്വാറന്‍റൈനില്‍ പോകണം. സാമൂഹ്യ അകലം ഉറപ്പു വരുത്താനായി കാറില്‍ പരമാവധി 4 പേരെയും ,വാനില്‍ 10 പേരെയും ബസ്സില്‍ 25 പേരെയും മാത്രമേ അനുവദിക്കു. ചെക്പോസ്റ്റിലെ പരിശോധനക്ക് ശേഷം വീട്ടിലോ, മറ്റ് സ്ഥാപനങ്ങളിലോ, അശുപത്രിയിലോ നീരീക്ഷണത്തിലാക്കണമെന്ന് തീരുമാനിക്കും. 

ഒരു ദിവസം ഒരു ചെക്പോസ്റ്റില്‍ പരമാവധി 500 പേര്‍ എത്തുന്ന രീതിയില്‍ പാസ്സുകള്‍ ക്രമീകരിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയിവര്‍ക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. വാഹന നമ്പര്‍ സഹിതം പാസ് അനുവദിക്കും. വാഹനങ്ങളില്‍ സാമൂഹ്യ അകലംപ പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായിരിക്കും.