Muscular Dystrophy : മസ്കുലര്‍ ഡിസ്ട്രോഫി രോഗബാധിതർക്കായി ഒരിടം; പൊതുസമൂഹത്തിന്‍റെ പിന്തുണ തേടി കൂട്ടായ്മ
മസ്കുലർ ഡിസ്ട്രോഫിയും സ്പൈനൽ മസ്കുലർ അട്രോഫിയും ബാധിച്ചവരെയെല്ലാം ഒരു കുടക്കീഴിൽ പരിപാലിക്കുന്ന പദ്ധതിയാണ് ഒരിടം. 15 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസ ഗ്രാമം. രോഗബാധിതരുടെ പരിചരണവും അവരുടെ സാമ്പത്തിക സ്വയം പര്യാപ്തതയുമെല്ലാം ഉറപ്പാക്കുന്ന പദ്ധതി

കൊല്ലം: ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപ്പെട്ട് കിടക്കയില്‍ ജീവിതം ഒതുങ്ങിപ്പോയ സംസ്ഥാനത്തെ മസ്കുലര്‍ ഡിസ്ട്രോഫി(muscular dystrophy) രോഗബാധിതരുടെ പുനരധിവാസത്തിന്(rehabilitation) പുതിയ ആശയവുമായി കൂട്ടായ്മ. രോഗബാധിതരായ ആളുകളെ ഒന്നിച്ച് താമസിപ്പിക്കാനും പരിചരിക്കാനുമെല്ലാം കഴിയുന്ന ഒരു ഗ്രാമം തന്നെ തയാറാക്കുകയാണ് എസ്എംഎ ബാധിരുടെ കൂട്ടായ്മയായ മൈന്‍ഡ് ലക്ഷ്യമിടുന്നത്. വേണം ഒരിടം എന്ന പേരില്‍ തുടങ്ങിയ പ്രചരണത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്‍റെ പിന്തുണ തേടുകയാണ് മൈന്‍ഡ് കൂട്ടായ്മ.
കൊല്ലം ചവറയിലെ വീട്ടില്‍ ഞങ്ങളെത്തുമ്പോള്‍ കിഷോര്‍ പേപ്പര്‍ പേന നിര്‍മിക്കുന്ന തിരക്കിലായിരുന്നു. ശരീരമാകെ തളര്‍ന്ന് ജീവിതം കിടക്കയിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയെങ്കിലും തളരാത്ത മനസുമായി വിധിയോട് കിഷോര്‍ നടത്തുന്ന പോരാട്ടത്തിന്‍റെ അടയാളമാണ് അദ്ദേഹം നിര്‍മിക്കുന്ന ഓരോ പേനയും. ഇരുപതാം വയസിലാണ് കിഷോറിനെ സ്പൈനല്‍ മസ്കുലര്‍ ഡിസ്ട്രോഫി രോഗം തളര്‍ത്തുന്നത്. ഇത്രകാലം രോഗത്തിന് മുന്നില്‍ തോല്‍ക്കാതെ പിടിച്ചു നിന്നു. പക്ഷേ പ്രായമേറുന്തോറും കിഷോറിന്‍റെ ഉള്ളിലെ ആശങ്ക പെരുകുകയാണ്. കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ സഹായം കിട്ടാത്തൊരു കാലം വന്നാല്‍ ജീവിതം എന്താകുമെന്ന വല്ലാത്തൊരു പേടി. ഇവിടെയാണ് കിഷോറിനെ പോലെ രോഗബാധിതരായവരുടെയെല്ലാം ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം നിറയ്ക്കുന്ന വേണം ഒരിടം എന്ന ആശയം പ്രസക്തമാകുന്നത്.
മസ്കുലർ ഡിസ്ട്രോഫിയും സ്പൈനൽ മസ്കുലർ അട്രോഫിയും ബാധിച്ചവരെയെല്ലാം ഒരു കുടക്കീഴിൽ പരിപാലിക്കുന്ന പദ്ധതിയാണ് ഒരിടം. 15 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസ ഗ്രാമം. രോഗബാധിതരുടെ പരിചരണവും അവരുടെ സാമ്പത്തിക സ്വയം പര്യാപ്തതയുമെല്ലാം ഉറപ്പാക്കുന്ന പദ്ധതി. ആറര കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിക്ക് എല്ലാ നല്ല മനസുള്ള മനുഷ്യരുടെയും പിന്തുണ തേടുകയാണ് രോഗബാധിതരുടെ കൂട്ടായ്മയായ മൈൻഡ്.