ഇടുക്കി: വണ്ടിപ്പെരിയാറിലെ നൂറോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. വണ്ടിപ്പെരിയാർ വികാസ് നഗറിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് അരയേക്കറോളം ഭൂമി ഇടിഞ്ഞുനിൽക്കുന്നത്. ഇതിനോടകം  അഞ്ചടിയോളം ഇടിഞ്ഞു താണ ഭൂമി ഇനിയൊരു മഴ താങ്ങില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടാവസ്ഥ മനസിലാക്കി ആളുകളെ മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് സ്ഥലം സന്ദര്‍ശിച്ച പീരുമേട് തഹസിൽദാർ അറിയിച്ചു. 

തുടര്‍ച്ചയായുള്ള മഴയില്‍ ഇടിഞ്ഞു തുടങ്ങിയതാണ് വികാസ് നഗറിലെ സ്വകാര്യവ്യക്തിയുടെ ഈ ഭൂമി. ഇനിയൊരു കനത്ത മഴ പെയ്താൽ ഇതിടിഞ്ഞ് താഴെയുള്ള നിരവധി വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയുമൊക്കെ മണ്ണിനടിയിലാക്കും. ഈ അപകടം മുന്‍കൂട്ടി കണ്ടാണ് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുന്നതെന്ന് പീരുമേട് തഹസിൽദാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 
സ്വകാര്യവ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന് ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  എന്നാൽ സ്കൂളിന് സ്കൂളിന് ഭീഷണിയില്ലെന്നും എങ്കിലും കുട്ടികളെ ഈ ഭാഗത്തേക്ക് പോകാൻ അനുവദിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജിയോളജിക്കൽ വകുപ്പ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും ഇതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.