തിരുവനന്തപുരം നഗരമധ്യത്തിലെ 167 വർഷം പഴക്കമുള്ള മൃഗശാല വനമേഖലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൃഗശാല നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരം മൃഗശാല സംരക്ഷണ സമിതി രൂപീകരിച്ചു.
തിരുവനന്തപുരം: 167 വർഷത്തിലേറെ പഴക്കമുള്ള മൃഗശാല തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തു നിന്ന് വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അഭിപ്രായത്തിന് പിന്നാലെയാണ് എൽഡിഎഫ് നേതാക്കളും സാസ്കാരിക പ്രവർത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനസാന്ദ്രതയേറിയ നഗരത്തിനുള്ളിൽ വന്യമൃഗങ്ങളെ അടച്ചിടുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മൃഗശാല മാറ്റിയാൽ ഒഴിഞ്ഞുകിടക്കുന്ന ഈ വലിയ സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പാർക്ക് മാതൃകയിൽ വലിയൊരു പൊതു ഹരിത ഇടമായി നിലനിർത്താമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
മൃഗശാല നിലവിലുള്ള സ്ഥലത്തുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി നിലനിർത്തണമെന്ന ആവശ്യവുമായി വിപുലമായ ജനകീയ പ്രതിരോധ പ്രക്ഷോഭത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി 'തിരുവനന്തപുരം മൃഗശാല സംരക്ഷണ സമിതി' രൂപീകരിച്ചു. നഗരത്തിലെ സത്യൻ മെമ്മോറിയൽ ഹാളിൽ ചേർന്ന വിപുലമായ യോഗത്തിലാണ് സമിതിക്ക് രൂപം നൽകിയത്. പ്രശസ്ത മാധ്യമപ്രവർത്തകനും ജനപ്രിയ അവതാരകനുമായ ജി.എസ് പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് മുൻ എംഎൽഎ വി.കെ പ്രശാന്ത്, മുൻ എംപി അഡ്വ. എ. സമ്പത്ത്, കൗൺസിലർ അഡ്വ. എസ്.പി. ദീപക്, നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മൃഗശാല മുൻ ഡയറക്ടർ ഡോ. ഉദയവർമ്മൻ, കലാകാരൻ ജോബി, ഡോ. ഷിറാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
പ്രക്ഷോഭ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 501 അംഗ ജനറൽ ബോഡിയും തെരഞ്ഞെടുത്തു. മൃഗശാല സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നഗരവാസികളിൽ നിന്നും സന്ദർശകരിൽ നിന്നും പരമാവധി പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് സംസ്ഥാന സർക്കാരിന് ഭീമ ഹർജി സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം.
