അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണം വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു. 20 വർഷത്തെ വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഇടക്കാല ഉത്തരവിട്ടു. ദുൽഖർ സൽമാനെതിരായ കേസിലെ അന്വേഷണ വിവരങ്ങൾ കസ്റ്റംസ് മുദ്ര വെച്ച കവറിൽ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.
ദുൽഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 ആഢംബര വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്. അതേസമയം, ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്‍റെ സഹായം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. എന്നാൽ, 39 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. പരിശോധനയ്ക്ക് കർണാടക, തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും.



