തിരുവനന്തപുരം: പെരിങ്ങമലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കില്ലെന്ന മന്ത്രി ജി സുധാകരന്റെ പ്രഖ്യാപനം തള്ളി സമരസമിതി. മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിക്കാനാകില്ലെന്നും സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി അറിയിച്ചു.

വാമനപുരം മണ്ഡലത്തിലെ ചെല്ലഞ്ചി, ചിപ്പൻചിറ പാലങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പെരിങ്ങമല പ്ലാന്റ് പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകുകയാണെന്ന് മന്ത്രി ജി സുധാകരൻ പ്രഖ്യാപിച്ചത്. അനുയോജ്യമായ മറ്റൊരുസ്ഥലം കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, മന്ത്രിയുടേത് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമാണെന്നാണ് സമരസമിതിയുടെ അഭിപ്രായം. നേരത്തെ മന്ത്രിമാരായ എ സി മൊയ്തീനും കടകംപളളി സുരേന്ദ്രനും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് മറ്റിടങ്ങളിൽ മാലിന്യപ്ലാന്റുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുമെന്നായിരുന്നു മന്ത്രി എ സി മൊയ്തീന്റെ പ്രതികരണം.

പെരിങ്ങമല അഗ്രിഫാമിലെ 15 ഏക്കറിൽ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. പരിസ്ഥിതി പ്രാധാന്യമുളള സ്ഥലത്ത് മലിന്യപ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ഒരു വർഷത്തിലേറെയായി സമരത്തിലാണ് പെരിങ്ങമല നിവാസികൾ. ഭരണ പരിഷ്കാരകമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദനടക്കം സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.