ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളം കുതിച്ചെത്തി അവിടെയുള്ള പാലം തകർന്നുപോയി. തുടർന്ന് കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോകുകയായിരുന്നു.
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോഴിച്ചാലിൽ പാലം തകർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം. കൂട്ടത്തിൽ ഒന്നരമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു. ചെറുപുഴ കോഴിച്ചാൽ തുരുത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് കാരിങ്കോട് പുഴയുടെ കൈവഴി കുത്തിയൊഴുകി. ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളം കുതിച്ചെത്തി അവിടെയുള്ള പാലം തകർന്നുപോയി. തുടർന്ന് കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോകുകയായിരുന്നു.
4 സ്ത്രീകളും ഒരു പുരുഷനും ഒരു പിഞ്ചുകുഞ്ഞുമാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്. അവരെ രക്ഷിക്കാനാണ് പെരിങ്ങോം ഫയർഫോഴ്സ് സംഘം ഇവിടെയെത്തിയത്. 14 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘം അതിസാഹസികമായി ഈ കുടുംബത്തെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച ഒരു താത്ക്കാലിക പാലത്തിലൂടെയാണ് ഫയർഫോഴ്സ് സംഘം കുഞ്ഞിനെയുമെടുത്ത് ഇക്കരെയെത്തിയത്. ഇന്നലെയാണ് പാലം തകർന്നത്.
