ഇടുക്കി: ഇടുക്കി പെരിഞ്ചാംകുട്ടിയിലെ വനഭൂമിയിൽ ആദിവാസികൾ നടത്തിവന്ന കുടിൽകെട്ടി സമരം അവസാനിപ്പിച്ചു. കുടിയിറക്കിയ ആദിവാസികളുടെ പുനരവധിവാസം ഉടൻ നടപ്പാക്കുമെന്ന് ജില്ലാഭരണകൂടം ഉറപ്പ് നൽകിയതിനെത്തുട‍ർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ആദിവാസി സമരസമിതി അറിയിച്ചു.

ഇടുക്കി ജില്ലാ കളക്ടറുടെയും മൂന്നാർ ഡിഎഫ്ഒയുടെയും അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ആദിവാസികൾ കുടിൽകെട്ടിയുള്ള സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് രണ്ട് ദിവസത്തിനകം താമസയോഗ്യമായ ഭൂമി കണ്ടെത്തി നൽകാമെന്ന് ജില്ലാഭരണകൂടം ഉറപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് എഴുപതോളം ആദിവാസി കുടുംബങ്ങൾ പെരിഞ്ചാംകുട്ടിയിലെ തേക്കുമുള പ്ലാന്‍റേഷനിൽ കയറി കുടിൽകെട്ടി സമരം തുടങ്ങിയത്. വനം-റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 2012ൽ ഇവിടെ നിന്ന് നിരവധി ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയിരുന്നു. തുടരന്വേഷണത്തിൽ ഇവർ താമസിച്ചിരുന്നത് റവന്യൂ ഭൂമിയിലാണെന്ന് സർക്കാർ കണ്ടെത്തി. ഇതോടെ കുടിയൊഴിപ്പിച്ച 158 ആദിവാസി കുടുംബങ്ങൾക്ക് പെരിഞ്ചാംകുട്ടിയിൽ ഒരേക്കർ വീതം ഭൂമി നൽകാൻ 2018 മാർച്ചിൽ മന്ത്രിസഭ തീരുമാനമെടുത്തു.

എന്നാൽ, തീരുമാനം വന്ന് ഒരു വർഷമായിട്ടും പുനരധിവാസം നടപ്പായില്ല. ഇതില്‍  പ്രതിഷേധിച്ചായിരുന്നു സമരം. സമരം തീർന്നതോടെ വനത്തിൽ കെട്ടിയ കുടിലുകൾ വനംവകുപ്പ് പൊളിച്ച് നീക്കി. ഭൂമി നൽകാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്ന് ആദിവാസി ഭൂസംരക്ഷണ സമിതി അറിയിച്ചു.

Read Also: ഭൂമി കൊടുക്കാമെന്നു പറഞ്ഞ് സർക്കാർ പറ്റിച്ചു: കുടിൽകെട്ടി സമരവുമായി ആദിവാസികൾ