ഇടുക്കി: ഇടുക്കി പെരിഞ്ചാംകുട്ടി വനഭൂമിയിൽ ആദിവാസികൾ വീണ്ടും കുടില്‍കെട്ടി സമരം തുടങ്ങി. നേരത്തെ ഇവിടെ നിന്നും കുടിയിറക്കിയ കുടുംബങ്ങളാണ് കുടിൽ കെട്ടിയിരിക്കുന്നത്. ആദിവാസി പുനരധിവാസത്തിന് സർക്കാർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസി സമരം. പുനരധിവാസം ഉടൻ നടപ്പാക്കണമെന്ന കോടതി ഉത്തരവും സർക്കാർ പാലിക്കുന്നില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. ഭൂമി നൽകുന്നതിൽ പരാതിയില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തതിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്. ഭൂമി പതിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ആദിവാസികൾ അറിയിച്ചു. 

വിവിധ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട എഴുപതോളം കുടുംബങ്ങൾ പുലർച്ചെയാണ് പെരിഞ്ചാംകുട്ടി വനത്തിലെത്തി കുടിൽകെട്ടി സമരം തുടങ്ങിയത്. വനം_റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 2012ൽ ഇവിടെ നിന്ന് നിരവധി ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയിരുന്നു. തുടരന്വേഷണത്തിൽ ഇവർ താമസിച്ചിരുന്നത് റവന്യൂ ഭൂമിയിലാണെന്ന് സർക്കാർ കണ്ടെത്തി. തുടർന്ന് കുടിയൊഴിപ്പിച്ച 158 ആദിവാസി കുടുംബങ്ങൾക്ക് പെരിഞ്ചാംകുട്ടിയിൽ ഒരേക്കർ വീതം ഭൂമി നൽകാൻ 2018 മാർച്ചിൽ മന്ത്രിസഭ തീരുമാനമെടുത്തു. എന്നാൽ തീരുമാനം വന്ന് ഒരുവർഷമായിട്ടും പുനരധിവാസം നടപ്പാകാത്തത്തിൽ പ്രതിഷേധിച്ചാണ് ആദിവാസികളുടെ കുടിൽ കെട്ടിയുള്ള സമരം.