Asianet News MalayalamAsianet News Malayalam

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതിൽ വ്യക്തതയില്ല: റിട്ടേണിങ് ഓഫീസർ

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ലഭിച്ചത്

Perinthalmanna Sub collector demands investigation on ballot box missing case
Author
First Published Jan 16, 2023, 7:41 PM IST

പെരിന്തൽമണ്ണ: ബാലറ്റ് പെട്ടി സഹകരണ റെജിസ്ട്രാർ ഓഫീസിൽ എത്തിയതിൽ വിശദമായ അന്വേഷണം വേണമെന്ന് റിട്ടേണിങ് ഓഫീസറായ പെരിന്തൽമണ്ണ സബ് കലക്ടർ. ബാലറ്റ് പെട്ടി എങ്ങനെ ഇവിടെ എത്തിയെന്നതിൽ വ്യക്തതയില്ല. ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല. പോസ്റ്റൽ വോട്ടുകൾ എല്ലാം സുരക്ഷിതമാണെന്ന് സബ് കളക്ടർ പറഞ്ഞു. പെട്ടി പെട്ടെന്ന് തന്നെ ഹൈ കോടതിയിലെത്തിക്കുമെന്നും അവർ വ്യക്തമാക്കി.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെക്കാതിരുന്നത് കൊണ്ട് 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.  ഈ വോട്ടുകൾ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫിന്റെ എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. 

ഈ സാഹചര്യത്തിൽ പെരിന്തല്‍മണ്ണ സബ് ട്രഷറിയിലാണ് വോട്ടുപെട്ടി സൂക്ഷിച്ചിരുന്നത്. സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിൽ സൂക്ഷിക്കണമെന്ന മുസ്തഫയുടെ വാദം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഹൈക്കോടതിയിലേക്ക് വോട്ടുകൾ മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ പെട്ടികൾ കാണാനില്ലെന്ന് മനസിലായി. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്ന് വോട്ടുപെട്ടി കണ്ടെത്തി. 

Follow Us:
Download App:
  • android
  • ios