കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ജാമ്യ ഹർജി പിൻവലിച്ചു. വൈകീട്ട് മൂന്ന് മണിയോടെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഹർ‍ജികൾ പിൻവലിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ചത്. 

ജാമ്യത്തിനായി തങ്ങൾ സെഷൻസ് കോടതിയെ സമീപിക്കുന്നതിനാൽ കേസ് പിൻവലിക്കുകയാണെന്നാണ് പ്രതിഭാഗത്തിന്‍റെ വിശദീകരണം. അതേസമയം, ജാമ്യാപേക്ഷ പിന്‍വലിച്ച പ്രതികളുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. കേസിലെ രണ്ടാം പ്രതി സജി സി ജോർജ്ജ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് എന്നിവരായിരുന്നു ഹർജിക്കാർ. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹ‍ർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ വിമർശിക്കുകയും ഡിജിപിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

കേസിൽ ഡിജിപി ഹാജരാകുന്നതിന് മുമ്പാണ് ഹർജി പിൻവലിച്ചത്. പെരിയ കൊലപാതകം ക്രൂരമാണെന്ന കടുത്ത വിമർശനവും ഹർജിയിൽ വാദം കേൾക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എഫ് ഐ ആറിൽ രാഷ്ട്രീയ കൊലപാതകം എന്ന് വിശേഷിപ്പിച്ച കേസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ എങ്ങനെയാണ് വ്യക്തിവിരോധം മാത്രമായതെന്നും പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു.