കൊച്ചി/ തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനസർക്കാരിന് ഏൽപിക്കുന്നത് കനത്ത പ്രഹരമാണ്. തദ്ദേശതെരഞ്ഞെടുപ്പടക്കം പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏറെ പണം ചെലവിട്ട്, ഉന്നതരായ അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി സർക്കാർ കേസിലിറക്കിയിട്ടും സുപ്രീംകോടതി വരെ പോയിട്ടും ഫലമുണ്ടായില്ല.

കേസിൽ സിബിഐ അന്വേഷിച്ചു എന്നതുകൊണ്ട് മാത്രം കേരളാ പൊലീസിന്‍റെ ആത്മവീര്യം കെടില്ലെന്നും, അത്തരത്തിലുള്ള വാദങ്ങൾ പരിഗണിക്കുന്നതേയില്ലെന്നുമാണ് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. കേസിന്‍റെ മെറിറ്റിലേക്ക് സുപ്രീംകോടതി കടന്നതുമില്ല. ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നാലെ ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂർണനിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നൽകിയതുമില്ല. 

കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ർ

ഹൈക്കോടതി പറഞ്ഞതെന്ത്?

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമർശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തിൽ രാഷ്ട്രീയചായ്‍വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിൾ ബഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേസ് പരിഗണിച്ച ഡിവിഷൻ ബഞ്ച്, ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് വിലയിരുത്തി. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമർശിക്കുന്നു. ഇത് കേസിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 

സർക്കാരിന്‍റെ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കാൻ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം നിലനിർത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂർത്തിയാകാതെ തുടർ നടപടി പാടില്ലെന്ന് മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ, സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. കേസിൽ വാദം പൂർത്തിയാക്കി, ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് കേസിൽ നിർണായക തീരുമാനം വന്നത്. 

കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി. ഇതെല്ലാം വൃഥാവിലാക്കിയാണ് കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെയെന്ന് സുപ്രീംകോടതി ഉത്തരവിടുന്നത്.