Asianet News MalayalamAsianet News Malayalam

'ഇതവന്‍റെ സ്വപ്നമായിരുന്നു'; പുതിയ വീടിന്‍റെ താക്കോല്‍ വാങ്ങി വിങ്ങിപ്പൊട്ടി കൃപേഷിന്‍റെ അച്ഛന്‍

കാസര്‍കോട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ വീടിന് പാലുകാച്ചി. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം.

periya murder kripesh house warming
Author
Kasaragod, First Published Apr 19, 2019, 1:11 PM IST

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നത്തിന് സാക്ഷാത്കരമായി. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു. ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ, വിഡി സതീശൻ എന്നിവർ പങ്കെടുത്തു. ഹൈബി ഈഡന്റെ ഭാര്യയും മകളും ചടങ്ങിനെത്തിയിരുന്നു. കൃപേഷിന്റെ ഓര്‍മയിൽ വൈകാരികമായ അന്തരീക്ഷത്തിലായിരുന്നു  ചടങ്ങുകൾ.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛൻ കൃഷ്ണന്‍ പറയുന്നു. പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios