കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ നാളെ വിധി. ഒമ്പത് മാസം ആയിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന്‌ സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണം എന്ന്‌ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളും ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് നിർണായക തീരുമാനം. 

കഴിഞ്ഞ വർഷം നവംബർ 16 നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയാക്കിയത്. കേസിൽ വിധി വരുന്നത് വരെ തുടർന്നടപടി വേണ്ടെന്ന് കോടതി വാക്കാൽ സിബിഐയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു.എന്നാൽ  9 മാസവും 8 ദിവസവും പിന്നിട്ടിട്ടും വിധി വന്നില്ല. 2001 ൽ അനിൽ രായ് വിഎസ് ബിഹാർ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച് മാർഗരേഖ ചൂണ്ടികാട്ടിയാണ് ബന്ധുക്കൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. വാദം പൂർത്തിയാക്കിയ കേസിൽ ആറ് മാസമായിട്ടും കോടതി വിധി പുറപ്പെടുവിച്ചില്ലെങ്കിൽ കേസിലെ കക്ഷികൾക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വീണ്ടും വാദം കേട്ട് വിധി പറയണമെന്ന് ആവശ്യപ്പെടാനാകും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ മാർ‍ഗരേഖ ഇവിടെ ലംഘിക്കപ്പെട്ടെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു.

2019 സെപ്റ്റംബർ 30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിൾ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബർ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്ഐഐആർ സമർപ്പിചിചിരുന്നു. സർക്കാർ അപ്പീൽ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹർജിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.