കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ നിയമപോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് സിപിഎം

കാസ‍ർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗവും 500 രൂപ വീതം നൽകണം. ഇതിൽ ജോലിയുള്ളവർ നൽകേണ്ടത് ഒരു ദിവസത്തെ ശമ്പളം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം.

മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ എന്നിവര്‍ അടക്കമുള്ള ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കായി നിയമ പോരാട്ടം നടത്താനാണ് ഫണ്ട് പിരിക്കുന്നത്. ജില്ലയിലെ 28000 ത്തില്‍ അധികം അംഗങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎം പണം പിരിക്കുന്നത്. 2021 ല്‍ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ അവസാന വട്ട ജോലികള്‍ക്കെന്ന് പറഞ്ഞാണ് ഫണ്ട് സമാഹരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതിന് മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ളവരെ അഞ്ച് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം എല്ലാ പ്രതികളുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

YouTube video player