2011 ലോകകപ്പിന് ശേഷം പലപ്പോഴും ഗംഭീറും ധോണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
മുംബൈ:വർഷങ്ങളായി ആരാധകർക്കിടയിൽ നിലനിന്നിരുന്ന എല്ലാ തർക്കങ്ങളും തല്‍ക്കാലം മാറ്റിവെക്കാം. ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള എം.എസ്. ധോണിയുടെ പോസ്റ്റും അതിന് ഗൗതം ഗംഭീർ നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.
ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ ധോണി ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ടീമിനെയും സപ്പോർട്ട് സ്റ്റാഫിനെയും അഭിനന്ദിച്ച ധോണി, ഗൗതം ഗംഭീറിന്‍റെ പേര് പ്രത്യേകം പരാമർശിച്ചു.
അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ടീമിനും സപ്പോർട്ട് സ്റ്റാഫിനും ലോകമെമ്പാടുമുള്ള ആരാധകർക്കും അഭിനന്ദനങ്ങൾ. കോച്ച് സാബ് (ഗംഭീർ), ആ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ ആ ആത്കമണോത്സുകതയും ഈ ചിരിയും ചേർന്നാൽ അതൊരു കില്ലർ കോമ്പോയാണ്. നന്നായി ചെയ്തു. എല്ലാവരും ആഘോഷിക്കൂ, ധോണി കുറിച്ചു. കൂടാതെ ജസ്പ്രീത് ബുംറയെ 'ചാമ്പ്യൻ ബൗളർ' എന്ന് വിശേഷിപ്പിക്കാനും ധോണി മറന്നില്ല. എണ്‍പത് ലക്ഷത്തിലധികം പേരാണ് ധോണിയുടെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം ലഭിച്ചത്.
ധോണിയുടെ സ്നേഹപ്രകടനത്തിന് ഇന്ന് ഉച്ചയോടെയാണ് ഗൗതം ഗംഭീർ മറുപടി നൽകിയത്. ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ! നിങ്ങളെ കാണാനായതിൽ സന്തോഷം എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. ഗംഭീറിന്‍റെ മറുപടി നിമിഷങ്ങൾക്കകം ഇരുപതിനായിരത്തിലധികം ലൈക്കുകളാണ് ഗംഭീറിന്‍റെ മറുപടിക്ക് ലഭിച്ചത്. 2011 ലോകകപ്പിന് ശേഷം പലപ്പോഴും ഗംഭീറും ധോണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോപ് സ്കോററായിട്ടും വിജയ സിക്സര്‍ അടിച്ച ധോണിക്ക് ക്രെഡിറ്റ് മുഴുവൻ നല്‍കുന്നതില്‍ ഗംഭീര്‍ പലപ്പോഴും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ ലോകകപ്പ് കിരീടം നേടിയശേഷവും വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്‍റെ നേട്ടത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഗംഭീര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
