കൂട്ടാലിട: കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമല ക്വാറി അനുമതി അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമാവും. വിദഗ്ധ പഠനത്തിന് ശേഷം മാത്രമാണ് തീരുമാനമെടുക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് കത്ത് നൽകി.

സ്ഥലം ജില്ലാ കളക്ടർ നേരിട്ട് സന്ദർശിക്കും. മുക്കത്തുള്ള ക്വാറികളാണ് പദ്ധതി തകർക്കുന്നതെന്നാണ് ഡെൽറ്റ ഗ്രൂപ്പിന്‍റെ ആരോപണം. പണം വാങ്ങിയാണ് സമരമെന്നും ഡെൽറ്റ ഗ്രൂപ്പ് ഉടമ തോമസ് ഫിലിപ്പ് പറഞ്ഞു. ഖനനത്തിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കലക്റ്റർ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. 

എട്ട് ദിവസമായി ഖനനത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സമരത്തിലായിരുന്നു. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്.  ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.