Asianet News MalayalamAsianet News Malayalam

മിഠായി തെരുവിലെ വഴിയോര കച്ചവടക്കാർക്ക് ആശ്വാസം; നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതി

ഇന്ന് വൈകിട്ട് മുതൽ കോർപ്പറേഷൻ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കോഴിക്കോട് മിഠായി തെരുവിൽ കച്ചവടം നടത്താൻ കോർപ്പറേഷൻ അനുമതി നൽകി.

permission for open shop in  mittayi theruvu
Author
Kozhikode, First Published Jul 19, 2021, 6:09 PM IST

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിൽ വഴിയോര കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കച്ചവടം നടത്താൻ അനുമതിയായി. കോർപ്പറേഷൻ സ്ട്രീറ്റ് വെന്‍റിംഗ് കമ്മറ്റിയും വ്യാപാരികളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈകുന്നേരം മുതൽ കച്ചവടം തുടങ്ങാനാണ് അനുമതി.

ഒടുവിൽ മിഠായി തെരുവിലെ വഴിയോര കച്ചവടക്കാർക്ക് ആശ്വാസം. ഇന്ന് വൈകിട്ട് മുതൽ കോർപ്പറേഷൻ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കോഴിക്കോട് മിഠായി തെരുവിൽ കച്ചവടം നടത്താൻ കോർപ്പറേഷൻ അനുമതി നൽകി. വഴിയോര കച്ചവടം അനുവദിക്കില്ലെന്ന കടുത്ത നിലപാടെടുത്ത ജില്ല പൊലീസ് മേധാവിയും കോർപ്പറേഷൻ യോഗത്തിൽ അനുകൂല നിലപാടെടുത്തതോടെയാണ് വ്യാപാരികള്‍ക്ക് ആശ്വാസമായത്. മിഠായി തെരുവിലെ 32 കേന്ദ്രങ്ങളിൽ തെരുവ് കച്ചവടത്തിനായി കോർപ്പറേഷൻ സ്ഥലം മാർക്ക് ചെയ്ത് നൽകും.

കഴിഞ്ഞ ദിവസമാണ് മിഠായി തെരുവിൽ വഴിയോര കച്ചവടം നിരോധിച്ച് കൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്. എന്നാൽ ഇന്ന് ഉച്ചയോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പിന്നീട് പൊലീസുമായും ചർച്ച നടത്തിയെങ്കിലും ഒത്തു തീർപ്പായിരുന്നില്ല. കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് സംസ്ഥാനത്താകമാനം ഡി കാറ്റഗറിയിലുൾപ്പെടെ മുഴുവന്‍ കടകളും തുറന്ന് പ്രവർത്തിക്കുന്നത്. എന്നാൽ വലിയ ആൾക്കൂട്ടങ്ങൾ ഒരിടത്തും ഇല്ലാതിരുന്നത് ആശ്വാസമായി. മിഠായി തെരുവിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രവേശനമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കടകളിൽ ടോക്കണ്‍ സംവിധാനം ഏർപ്പെടുത്തിയാണ് കച്ചവടം നടക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് നൽകിയിട്ടും പൊലീസ് ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളിൽ വ്യാപാരികൾക്ക് എതിർപ്പ് തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios