കണ്ണൂര്‍: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ആണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കണ്‍വെന്‍ഷന്‍ സെന്‍ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നാണ് നിര്‍ദ്ദേശം. തദ്ദേശമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. സെക്രട്ടറിയുടെ റിപ്പോർട്ട് തദ്ദേശമന്ത്രി എ സി മൊയ്ദ്ദീൻ ഇന്നലെ അംഗീകരിച്ചിരുന്നു.

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ സാജന്‍ പാറയില്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്‍റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്‌തത്‌. 

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജൻ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.