Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ എഴുന്നള്ളിപ്പിന് കർശന ഉപാധികൾ; ആന ഉടമകളുടെ മിക്ക ആവശ്യങ്ങളും തള്ളി

ക്ഷേത്രപരിസരത്തെ ചടങ്ങിന് ഒരു മണിക്കൂർ മാത്രമേ ആനയെ ഉപയോഗിക്കാനാകൂ. നാല് പാപ്പാൻ മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും. കൂട്ടാനകളെ കുത്തിയ ചരിത്രവുമുള്ള ആന ആയതുകൊണ്ട് കർശന സുരക്ഷാ സംവിധാനങ്ങളാകും ഏർപ്പെടുത്തുക.

permission to use thechikkottukavu ramachandran in trissur pooram with strict restrictions
Author
Trissur, First Published May 11, 2019, 3:41 PM IST


തൃശ്ശൂർ: കർശന വ്യവസ്ഥകളോടെയാണ് തൃശ്ശൂർ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി അനുമതി നൽകിയത്. ആനയെ ഒന്നര മണിക്കൂർ എഴുന്നള്ളിക്കാൻ അനുവദിക്കണം എന്ന ഉടമകളുടെ ആവശ്യം സമിതി തള്ളി. കർശന സുരക്ഷയോടെ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് അനുമതി. ഒമ്പതര മുതൽ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മണികണ്ഠനാൽ മുതൽ എഴുന്നള്ളിക്കാൻ അനുവദിക്കണം എന്ന ആവശ്യവും അനുവദിച്ചില്ല. ക്ഷേത്രപരിസരത്തെ ചടങ്ങിന് മാത്രമേ ആനയെ ഉപയോഗിക്കാനാകൂ.

നാല് പാപ്പാൻ മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും. ആനയുടെ  പരിസരത്ത് ആളുകൾ എത്തുന്നത് തടയാൻ ബാരിക്കേടോ മറ്റ് നിയന്ത്രണ സംവിധാനങ്ങളോ ഏർപ്പെടുത്തണം. കൂട്ടാനകളെ കുത്തിയ ചരിത്രവുമുള്ള ആന ആയതുകൊണ്ട് കർശന സുരക്ഷാ സംവിധാനങ്ങളാകും ഏർപ്പെടുത്തുക.

ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കൽ സംഘം പരിശോധിച്ചിരുന്നു. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. തുടർന്നാണ് ആനയെ തൃശ്ശൂർ പൂരത്തിൽ പങ്കെടുപ്പിക്കാൻ വഴി തെളിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവും കൊലപാതകങ്ങളും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആനപ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios