Asianet News MalayalamAsianet News Malayalam

എംപി ഓഫീസ് ആക്രമണം: പ്രതി പട്ടികയിലുള്ള ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്

Personal Staff of Minister Veena George who is accused in MP office attack got fired
Author
Pathanamthitta, First Published Jun 25, 2022, 8:04 PM IST

പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ പുറത്താക്കി. എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ്  കെ.ആർ.അവിഷിത്ത്.  ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. 

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകി. ഇക്കഴിഞ്ഞ വ്യാഴാഴ്ച നൽകിതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പിൽ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി.  അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ്  ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

വ്യക്തിപരമായ കാണങ്ങളാൽ മാറി നിൽക്കുമ്പോഴും അവിഷിത്ത് രാജി കത്ത് നൽകുകയോ ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊതുഭരണവകുപ്പിനെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഓഫീസ് ആക്രമണം വിവാദമായതിന് പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള നടപടികള്‍. പക്ഷേ നേരെത്തെ തന്നെ നിർദ്ദേശം കൊടുത്തിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ് അടൂരിൽ ഉച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം 

പത്തംനതിട്ട: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രതിയായതോടെ വീണ ജോർജിനെതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Follow Us:
Download App:
  • android
  • ios