കൊച്ചി: പെരുമ്പാവൂര്‍ തണ്ടെക്കാട് സ്വദേശി ആദില്‍ ഷായെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്‍റെ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്‍റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ബിജുമോന്‍റെ നേതൃത്വത്തിലാണ് സംഘം. നിലവില്‍ 5 പേർ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 

ഇന്നലെ പുലര്‍ച്ചെയായിരുന്നു ആദില്‍ ഷായ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആദിലിന്‍റെ അമ്മയെ പെരുന്പാവൂര്‍ സ്വദേശി നിസാറും സുഹൃത്തുക്കളും ചേര്‍ന്ന് ഫോണിലൂടെ ശല്യം ചെയ്തിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ ശത്രുതയിലുമായിരുന്നു. ഇത് പറഞ്ഞുതീര്‍ക്കാനായാണ് ഇരുകൂട്ടരും പാലക്കാട്ടുതാഴത്ത് പുലര്‍ത്തെ അഞ്ച് മണിയോടെ ഒന്നിച്ചത്. കാറിലെത്തിയ നിസാറും സംഘവും മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ആദിലിനെ ഇടിച്ചുവീഴ്ത്തി. 18 തവണ വെട്ടി. തുടര്‍ന്ന് വെടിവെച്ചു. സംഭവത്തില്‍ നിസാര്‍, സഹോദരൻ സഫീര്‍, സുഹൃത്തുക്കളായ അല്‍ത്താഫ്, ആഷിഖ്, നിതിൻ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.