അശാസ്ത്രീയമായി അമിത അളവില്‍ കീടനാശിനികള്‍. ഗ്ലൈഫോസേറ്റ്, ക്ളോറോപൈറിഫോസ്, പ്രൊഫെനെഫോസ്, അസഫേറ്റ് എന്നീ നിരോധിത കീടനാശിനികള്‍ ഇവിടെ സുലഭം. വലുപ്പം കൂടാനും നിറം ലഭിക്കാനും പൈപ്പിലൂടെ ഹോര്‍മോണ്‍ പ്രയോഗം.

ബെംഗളരു: ഓണത്തിനുൾപ്പെടെ കേരളത്തിലെ വിപണിയിലേക്ക് വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പച്ചക്കറിയും പഴങ്ങളുമാണ്. ഇവയെത്തുന്നത് അനിയന്ത്രിത വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ്. കർണാടകത്തിലെ കൃഷിയിടങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലേക്ക്.

മലയാളികളുടെ ഇത്തവണത്തെയും ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. വാഴയില മുതല്‍ ഉപ്പേരിക്കുള്ള കായ് വരെ അതിർത്തി കടന്ന് വരണം. കേരളം പ്രധാന വിപണിയാക്കിയ മൈസൂര്‍, ഗുണ്ടല്‍പ്പേട്ട്, കോലാര്‍ എന്നിവടങ്ങളിലെ കൃഷി സ്ഥലങ്ങളിൽ ഓണം ലക്ഷ്യമാക്കി വിളവെടുപ്പ് തുടങ്ങി, പതിവ് പോലെ രാസലായനിയില്‍ കുളിച്ച്.

അശാസ്ത്രീയമായി അമിത അളവിലാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്. ഗ്ലൈഫോസേറ്റ്, ക്ളോറോപൈറിഫോസ്, പ്രൊഫെനെഫോസ്, അസഫേറ്റ് എന്നീ നിരോധിത കീടനാശിനികള്‍ ഇവിടെ സുലഭമാണ്. വലുപ്പം കൂടാനും നിറം ലഭിക്കാനും പൈപ്പിലൂടെയാണ് ഹോര്‍മോണ്‍ പ്രയോഗം.

2013ലെ കാര്‍ഷിക വകുപ്പിന്‍റെ പഠനറിപ്പോര്‍ട്ടിന് പിന്നാലെ കീടനാശിനി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കീടനാശിനികൾ കൃഷി ഓഫീസറുടെ ശുപാര്‍ശയില്‍ അംഗീകൃത ഗോഡൗണുകളില്‍ നിന്ന് വാങ്ങണം എന്നാണ് നിയമം. എന്നാല്‍ കൃത്യമായ ബോധവത്കരണം ഇല്ലാത്തതിനാല്‍ പതിവ് മരുന്ന് പ്രയോഗം കര്‍ഷകര്‍ തുടരുകയാണ്. ഭക്ഷ്യസുരക്ഷാവകുപ്പും കണ്ണടയ്ക്കുന്നതോടെ ഈ പച്ചക്കറികൾ സുഗമമായി അതിര്‍ത്തി കടക്കുന്നു.