വീട്ടുപരിസരത്ത് നിന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ കൊന്ന് വളർത്തുപൂച്ച

തിരുവനന്തപുരം: പൂച്ചയുടെ മുരൾച്ചയും കുഞ്ഞിപ്പൂച്ചയുടെ കരച്ചിലും കുറച്ച് നേരമായി കേൾക്കുകയാണ്, ചെടികൾക്കിടയിലെ അനക്കം കണ്ട് വീട്ടുകാരി നോക്കിയപ്പോൾ കണ്ടത് അണലികുഞ്ഞുങ്ങളുമായി മൽപ്പിടുത്തം നടത്തുന്ന പൂച്ചകളെയും കുഞ്ഞിനേയും. നാല് കുഞ്ഞുങ്ങളെ കൊന്നിട്ട പൂച്ചകൾ അടുത്തവയെ തിരഞ്ഞ് പിടിച്ച് കടിക്കുന്നു. പുരയിടത്തിൽ പലേടത്തുമായി വീണ്ടും അണലിക്കുഞ്ഞുങ്ങളെ കണ്ടതോടെ രംഗം പന്തിയല്ലെന്ന് മനസിലായ വീട്ടുകാരി നിഷ പാമ്പുപിടുത്തക്കരാനായ രാജേഷ് തിരുവാമനയെ വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ രാജേഷ് സ്ഥലത്തെത്തിയെങ്കിലും പൂച്ചകൾ ചേർന്ന് നാല് പാമ്പിനെക്കൂടി തട്ടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന പൂച്ചകളും ഒരു കുഞ്ഞുപൂച്ചയും ചേർന്നാണ് ഒരു മണിക്കൂറിനിടെ എട്ട് അണലിക്കുഞ്ഞുങ്ങളെയും പിടികൂടിയതെന്ന് രാജേഷ് പറഞ്ഞു.

പുരയിടത്തിൽ നീരീക്ഷിച്ചപ്പോൾ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. പിന്നീട് പരിസരം നോക്കിയപ്പോഴാണ് സമീപത്തെ പുരയിടത്തിലെ കൽക്കെട്ടിനുള്ളിൽ തള്ളപ്പാമ്പിനെയും മുപ്പതോളം കുഞ്ഞുങ്ങളെയും പലേടത്തായി കണ്ടതെന്ന് രാജേഷ് പറഞ്ഞു. എന്നാൽ, ഉടമസ്ഥൻ സ്ഥലത്തില്ലാതിരുന്ന പുരയിടത്തിലേക്ക് കയറാൻ കഴിയാതായതോടെ കൗൺസിലറെ ഉൾപ്പടെ വിവരം അറിയിച്ച് മടങ്ങുകയായിരുന്നു. പൂച്ചകൾ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ചില ഗുണങ്ങളുണ്ടെന്നും അണലികൾ പ്രസവിക്കുന്ന സമയമായതിനാൽ എല്ലാവരും വീട്ടുവളപ്പിലേക്കും ഒന്ന് ശ്രദ്ധിക്കണമെന്നും രാജേഷ് മുന്നറിയിപ്പ് നൽകുന്നു. വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ കുടുംബത്തെ പാമ്പുഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ താരമാണ്.

YouTube video player