കൊച്ചി: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസിനെതിരെ ഹൈക്കോടതിയിൽ ഹർജി. മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നിരവധി കുട്ടികൾക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. കാസർകോട് സ്വദേശി ആയ ഗിരിജ ആണ് ഹർജി നൽകിയത്. സർക്കാർ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിന് സൗകര്യം ഒരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്ന് ഹർജിക്കാരന്‍റെ‌ ആവശ്യം. 

അതേസമയം, മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ നിൽക്കെയാണ് ഈ സംഭവം. ഇത് പൊതുതാൽപര്യമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. സംഭവം ചീഫ് ജസ്റ്റിസിന്റെ പരി​ഗണനക്ക് വിട്ടു. സിബിഎസ്ഇ സ്കൂൾ ഫീസ് വർധനയുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. 

ഇതിനിടെ, ദേവികയുടെ മരണത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. അഞ്ചാം തിയതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അതേസമയം, ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ കൗമാരക്കാ‍ർ പിടിയിലായി. ഇൻസ്റ്റാ​ഗ്രാമിൽ ബ്ലൂ സാരി ആർമി എന്ന പേരിൽ ​ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ പതിനാറുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇൻസ്റ്റാ​ഗ്രാമിലെ വിവിധ ​ഗ്രൂപ്പുകളിലൊന്നിൻ്റെ അഡ്മിൻ ഈ കുട്ടിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അധ്യാപികമാരുടെ ഓൺലൈൻ ക്ലാസിന് പിന്നാലെയാണ് വിദ്യാർത്ഥികൾ ബ്ലൂ സാരി ആർമി എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പുണ്ടാക്കിയത്. ഇരുനൂറിലധികം വിദ്യാർത്ഥികളായിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ. നാല് വിദ്യാർത്ഥികളാണ് അധ്യാപികമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ഇവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. 

വിദ്യാ‍ർത്ഥികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കും. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. അധ്യാപികമാർക്കെതിരെ ഫേസ്ബുക്കിൽ മോശം കമന്റുകൾ ഇട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ക‌ർശന നടപടി തുടങ്ങിയതോടെ പല കമന്റുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. ചിലർ അധ്യാപികമാർക്കെതിരായ മോശം പരാമർശത്തിൽ മാപ്പ് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുകയും ചെയ്തു. കൈറ്റ് സിഇഒ അൻവർ സാദത്ത് നൽകിയ പരാതിയിലാണ് കേസെടുത്തത്. മോശം പരാമർശങ്ങൾക്കെതിരെ അധ്യാപികമാർ ഇതുവരെ പരാതി നൽകിയിട്ടില്ല.