മലപ്പുറം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി. യൂത്ത് കോൺ​ഗ്രസും ബിജെപിയും ഇതു സംബന്ധിച്ച് പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പൊന്നാനി എംഎൽഎ ആയ ശ്രീരാമകൃഷ്ണൻ ചൊവ്വാഴ്ച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിൽ  നടന്ന സ്നേഹ ബൊമ്മാടം  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്പീക്കർക്കൊപ്പം പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി. 

അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് തിരുവനന്തപുരം വാമനപുരം എംഎൽഎ ഡി കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന്‍ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു. 

കോടതി നിർദ്ദേശ പ്രകാരമാണ് എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.