പത്തിലധികം കേസുകളിൽ പ്രതിയായതിനാലാണ്  കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിറക്കിയതെന്നാണ് പൊലീസ് വിശദീകരണം. അറിയപ്പെടുന്ന റൌഡിയാണ് ബുഷർ എന്നും പൊലീസ് ജില്ലാ കള്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.  

ദില്ലി: കെ എസ് യു നേതാവ് ബുഷര്‍ ജംഹറിനെ കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിരെ സുപ്രീം കോടതിയിൽ ഹർജി. ഹർജി നാളെ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ബുഷര്‍ ജംഹറിന്റെ മാതാവ് ജഷീല ടി.എം നല്‍കിയ ഹര്‍ജിയാണ് നാളെ പരിഗണിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിദ്യാർത്ഥി നേതാവായ ബുഷര്‍ ജംഹറിനെ നൂറ് ദിവസത്തിലധികമായി കാപ്പ ചുമത്തി ജയിലിടച്ചിരിക്കുകയാണെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുൻപാകെ അറിയിച്ചു. 

അടിയന്തരമായി കേസിൽ കോടതി ഇടപെടണമെന്നും അഭിഭാഷകർ പറഞ്ഞു. ഇത് കൂടി കണക്കിലെടുത്താണ് ഹര്‍ജി അടിയന്തിരമായി നാളെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് തീരുമാനിച്ചത്. തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹർ. കെഎസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും, കെപിസിസിയുടെ കായിക വേദിയുടെ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ എന്നീ പദവികളും ബുഷര്‍ ജംഹര്‍ വഹിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നുണ്ട്.

പത്തിലധികം കേസുകളിൽ പ്രതിയായതിനാലാണ് കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിറക്കിയതെന്നാണ് പൊലീസ് വിശദീകരണം. അറിയപ്പെടുന്ന റൌഡിയാണ് ബുഷർ എന്നും പൊലീസ് ജില്ലാ കള്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാപ്പ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ബുഷര്‍ ജംഹറിന്റെ മാതാവ് ജഷീല ടി എം സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2022 ജൂണ്‍ 27 നാണ് ജംഹറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.