കൊച്ചി: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. തൃശൂർ  കളക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആന ഉടമകളുമായി സർക്കാർ ഇന്ന് നടത്തുന്ന ചർച്ച കേസിൽ നിർണ്ണായകമാകും.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടർ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട്  കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. 

വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയിൽ ആന ഒരിക്കൽ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിൻബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന്  ഒരു ഡോക്ടർമാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം. 

12 പേരെ കൊലപ്പെടുത്തിയത് ആനയ്ക്ക് ഉപദ്രവം ഏറ്റപ്പോൾ ആയിരുന്നുവെന്നും തെച്ചിക്കോട്ട് കാവ് ദേവസ്വം കോടതിയെ അറിയിച്ചിട്ടുണ്ട്. വിലക്കിന് പിന്നിൽ ആന ഉടമകള്‍ക്കിടയിലുള്ള മത്സരം ഉണ്ടോ എന്നും ദേവസ്വം സംശയിക്കുന്നുണ്ട്. കേസിൽ നാളെ സർക്കാർ നിലപാടും നിർണ്ണായകമാകും. ആന ഉടമകളുമായി ദേവസ്വം മന്ത്രി ഇന്ന് നടത്തുന്ന ചർച്ചയിൽ സമവായം ഉണ്ടായാൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. സമവായ ചർച്ചയും കേസിൽ നിർണ്ണായകമാകും.

അതേസമയം, തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു.

Also Read: നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് : തൃശൂര്‍ പൂരത്തിന് കര്‍ശന നിലപാടുമായി ടി വി അനുപമ