കൊച്ചി: കൊച്ചി ബ്ലാക് മെയിലിംഗ് കേസിൽ  പരാതി പിൻവലിക്കാൻ യുവതികൾക്ക് പ്രതിയുടെ സമ്മർദ്ദം. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ്  മുഖ്യ പ്രതി  റഫീഖ് ആണ്  പരാതിക്കാരിയെ വിളിച്ച് കേസിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത്.  18 യുവതികളെ തട്ടിപ്പ് സംഘം വലയിൽ വീഴ്ത്തിയെന്നാണ്  പോലീസിൻറെ  കണ്ടെത്തൽ. സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.

മോഡലിംഗിനെന്ന വ്യാജേന പാലക്കാട്ടെ ഹോട്ടലിൽ എത്തിച്ച് പണംവുൂം സ്വർണ്ണവും കവർന്ന സംഭവത്തിൽ മാർച്ച് 16നാണ് പെൺകുട്ടികൾ  എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുന്നത്. ഷംന കാസിമിനെ സംഘം പറ്റിക്കുന്നതിന് മുൻപായിരുന്നു ഇത്. പരാതി  പിൻവലിക്കണമെന്ന്   ബ്ലാക് മെയിലിഗ് കേസിലെ മുഖ്യ പ്രതി റഫീഖ് പലവട്ടം വിളിച്ച് ആവശ്യപ്പെട്ടത്. സ്വർണ്ണവും പണവും പോലീസ് സാന്നിധ്യത്തിൽ തിരിച്ച് നൽകാമെന്നും റഫീഖ് യുവതിയെ അറയിക്കുന്നുണ്ട്. 

എന്നാൽ സ്വർണ്ണവും പണവും നൽകിയില്ല. മാത്രമല്ല ഭീഷണി തുടർന്നെന്നും പെൺകുട്ടി പറയുന്നു. ഇതാണ് പോലീസിലെ പരാതിയുമായി മുന്നോട്ട് പോകാൻ മടിച്ചതിന് കാരണം. ഇതിന് പിന്നാലെയാണ് റഫീഖ് ഉൾപ്പെട്ട സംഘം ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിൽ അറസ്റ്റിലായത്. കണ്ണൂർ സ്വദേശി അടക്കം 18 പെൺകുട്ടികൾ സംഘത്തിൻറെ വലിയിൽ പെട്ടതായി പോലീസ് പറയുന്നു.

 9 പെൺകുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. കൂടുതൽ കേസുകൾ വരും ദിവസം റജിസ്റ്റർ ചെയ്യും. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ​ഗൾഫിൽ സലൂൺ നടത്തുന്നയാളുടെ പങ്ക് പോലീസ് പരിശോധിക്കുന്നു. ഇയാൾക്ക് ചില സിനിമ ബന്ധങ്ങൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്.  പ്രതികൾ തൃശ്ശൂരിൽ വിവാദവാഗ്ദാനം നടത്തി മറ്റൊരു വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് റഫീഖ് അടക്കം അഞ്ച് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 16 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.