Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ 18 പേ‍ര്‍ അറസ്റ്റിൽ, 8 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി

കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. അതിന് ശേഷം ദില്ലിയിലേക്ക് കൊണ്ടുപോയേക്കാനും സാധ്യതയുണ്ട്. 

pfi leader naseeruddin elamaram and 10 others arrested after nia popular front office raid
Author
First Published Sep 22, 2022, 1:19 PM IST

കൊച്ചി : പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേര്‍ കൊച്ചിയിൽ അറസ്റ്റിൽ. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കേരളത്തിൽ അറസ്റ്റിലായവ‍ര്‍ 

ഒഎംഎ സലാം ദേശീയ പ്രസിഡൻറ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡൻറ്, (തിരുവനന്തപുരം),  സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി. 

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് ഇന്ന് പുല‍‍ര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മ‍‌‌ഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിൽ 106 പേർ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം 

സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. അടൂ‍ർ, ഈരാറ്റുപേട്ട വയനാട്, കാസർഗോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു. കാസർഗോട്ട് പിഎഫ് ഐ ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും  മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും  മറ്റും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി. കണ്ണൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് പരിക്കേറ്റു. 

തിരുവനന്തപുരത്ത് പോപ്പുല‍ര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും  പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എൻഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നിൽ പ്രവ‍ര്‍ത്തക‍‍ർ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലുകളും മൂന്ന് ബുക്കുകളും 6 ലഘുലേഖകളും പിടിച്ചെടുത്തതായാണ് വിവരം. 

മലപ്പുറത്തും വ്യാപക റെയ്ഡ് നടന്നു. മലപ്പുറത്തെ വീടുകളിൽ നിന്നാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 

'റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ല,കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘപരിവാർഅജണ്ട' എസ് ഡി പി ഐ

തൃശൂ‍ര്‍ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയും എൻഐഎ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

 

Follow Us:
Download App:
  • android
  • ios