Asianet News MalayalamAsianet News Malayalam

വാഴ്ത്തലും വിജയവാദവും വെല്ലുവിളിയായോ ? കൊവിഡ് പ്രതിരോധത്തില്‍ തിരിച്ചടിച്ച നിരുത്തരവാദിത്വം

''ഒരുമര്യാദയുമില്ലാതെ നേതാക്കളും പാർട്ടികളും ആൾക്കൂട്ടത്തെയിറക്കി. സകല നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി. മാർച്ചിൽ ഇന്ത്യ - ഇംഗ്ലണ്ട് കളിക്ക് മുഖാവരണം പോലുമില്ലാതെ മോദി സ്റ്റേഡിയത്തിലേക്കനുമതി കൊടുത്തത് ഒരുലക്ഷത്തി മുപ്പതിനായിരത്തോളം പേർക്കാണ്.''

pg sureshkumar about covid 19 second wave
Author
Thiruvananthapuram, First Published Apr 19, 2021, 10:30 PM IST

ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ. ആദ്യത്തെ പ്രതിരോധം വിജിയിച്ചെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ട് പോകവേയാണ് കൊവിഡ് രണ്ടാം തരംഗം രാജ്യത്താകമാനം പടര്‍ന്ന് പിടിച്ചത്. പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും ഒറ്റയടിക്ക് ഉയര്‍ന്നു. ആശങ്കയേറുന്ന ദിനങ്ങളെ നമ്മള്‍ ക്ഷണിച്ച് വരുത്തിയാണോ ? വിജയവാദം നമുക്ക് വെല്ലുവിളിയായോ ? ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ പി.ജി സുരേഷ് കുമാര്‍ എഴുതുന്നു...


കൊവിഡിൻറെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇന്ത്യ. സാഹചര്യം എത്ര ഗൌരവതരമെന്ന് മനസ്സിലാക്കാൻ ഈ കണക്ക് മാത്രം മതി. ആദ്യഘട്ടത്തിൽ കൊവിഡ് അതിൻറെ പീക്കിലെത്തിയ സെപ്തംബറിൽ പ്രതിദിന രോഗബാധ 93,000 കടന്നെങ്കിൽ ഫെബ്രുവരി അവസാനത്തോടെ അത് പതിനോരായിരത്തിലേക്ക് കുറഞ്ഞു. മരണം ഒരാഴ്ചയോളം 100 ൽ താഴെയുമായി. ഇതോടെ വൈറസിനെ കീഴ്പ്പെടുത്തിയെന്നാശ്വസിച്ച നാം ഇന്ന് തോക്കിൻ മുനയിലായിരിക്കുകയാണ്. ഫെബ്രുവരി പാതിയിലെ പതിനോരായിരത്തിൽ നിന്ന് രണ്ടരലക്ഷം കടക്കാൻ വേണ്ടി വന്നത് അറുപത് ദിവസങ്ങൾ മാത്രം.

ഫെബ്രുവരിയോടെ കാര്യങ്ങൾ കൈവിട്ടു, കൈവിടുക മാത്രമല്ല, വിജയവെറിയിൽ മതിമറന്നു. കൊവിഡിൽ ഇന്ത്യ കലാശക്കളിയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷർധൻ പ്രഖ്യാപിച്ചു. നരേന്ദ്രമോദി, ലോക മാതൃകയെന്ന് വാഴ്ത്തി. വാക്സിൻ ഡിപ്ളോമസിയെന്നത് ബ്രാന്‍റിംഗ് പദാവലിയിൽ ചേർന്നു. വാക്സിൻ ഗുരുവെന്ന് വാഴ്ത്തി. കാര്യങ്ങൾ കൈവിടാമെന്ന   വിദഗ്ധരുടെ മുന്നറിയിപ്പിന് ചെവികൊടുത്തില്ല.

അഞ്ചിടത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി പാതിയിലാണ്. പതിനെട്ടരക്കോടിയിൽപ്പരം ജനങ്ങൾ 824 അസംബ്ളി സീറ്റുകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട ദൌത്യം. കമ്മീഷൻറെ മുന്നറിയിപ്പുകൾ എല്ലാം മിക്കയിടത്തും വാക്കുകളിലൊതുങ്ങി. ഒരുമര്യാദയുമില്ലാതെ നേതാക്കളും പാർട്ടികളും ആൾക്കൂട്ടത്തെയിറക്കി. സകല നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി. മാർച്ചിൽ ഇന്ത്യ - ഇംഗ്ലണ്ട് കളിക്ക് മുഖാവരണം പോലുമില്ലാതെ മോദി സ്റ്റേഡിയത്തിലേക്കനുമതി കൊടുത്തത് ഒരുലക്ഷത്തി മുപ്പതിനായിരത്തോളം പേർക്കാണ്.

സകല നിയന്ത്രണങ്ങളെയും മറികടന്ന് കുംഭമേള പുരോഗമിക്കുമ്പോൾ അവിടത്തെ മുഖ്യമന്ത്രിപോലും സ്തുതിപാഠകര്‍ക്ക് ഒപ്പം കൂടി. ഇതിന് പിന്നാലെ രോഗ തീവ്രതകൂടി. ജീവൻരക്ഷാമരുന്നുകൾക്ക് ക്ഷാമവും കരിഞ്ചന്തയും വരെയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. പ്രാണവായുവിനായി തലസ്ഥാന സംസ്ഥാനം കേന്ദ്രത്തോട് കൈ നീട്ടുന്ന അവസ്ഥയാണ്. കൊവിഡ് മരണക്കണക്കുകളും കൊവിഡ് മാനദണ്ഡപ്രകാരമുള്ള ശവസംസ്കാരങ്ങളും തമ്മിൽ എണ്ണത്തിൽ വൻ അന്തരം. 

ഉത്തരേന്ത്യയിലെ ശ്മശാനങ്ങളിൽ കൂട്ടത്തീ പടര്‍ന്നു. മൃതദേഹങ്ങള്‍ കാത്ത് നിരനിരയായി ആംബുലൻസുകൾ. ഈ നിലയിൽ ജൂണ്‍  ആദ്യത്തോടെ പ്രതിദിന മരണം 2300 കടക്കാമെന്നാണ് ലാൻസറ്റ് ജേണലിൻറെ മുന്നറിയിപ്പ്. രോഗതീവ്രത കുറഞ്ഞുനിൽക്കുമ്പോൾ വാക്സിനേഷൻ കൂട്ടണമെന്ന വിദഗ്ധരുടെ അഭിപ്രായം ഇന്ത്യ അവഗണിച്ചു. തനത് വാക്സിൻറെ ഉൽപ്പാദനം കൂട്ടാൻ സമയബന്ധിത ഇടപെടലുണ്ടായില്ലന്നത് മാത്രമല്ല, ആഭ്യന്തര ഉപഭോഗത്തിന് തികയാത്ത വാക്സിൻ കയറ്റിയയച്ച് നിരുത്തരവാദിത്തം കാട്ടി കേന്ദ്രം. ഇപ്പോഴത് തിരുത്തേണ്ടി വന്നു.

മുന്നിലുള്ള വഴികൾ ദുര്‍ഘടം പിടിച്ചതാണ്. രോഗം വന്ന് പോയി, ഹേഡ് ഇമ്മ്യൂണിറ്റിയെന്ന് വാദിക്കുന്നവർക്ക് അക്കാലത്തിനുള്ളിൽ നൽകേണ്ടി വരുന്ന വിലയിൽ സംശയമില്ല. എന്നാൽപ്പോലും അതിനും കാലങ്ങളെടുക്കാം. മുക്കാൽ പങ്ക് ജനങ്ങളിലേക്കെങ്കിലും വാക്സിൻ എത്തിക്കലാണ് മറ്റൊരു വഴി. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 1.2ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്സിനെത്തിയത്. ഒരു ഡോസെങ്കിലും എടുത്തവർ പന്ത്രണ്ടരക്കോടിയിൽത്താഴെ മാത്രം. 

ഈ കണക്കിൽ നമ്മുടെ മുന്നിലുള്ള അമേരിക്ക ജനസംഖ്യയുടെ 25.4ശതമാനം പേർക്കും പൂർണ്ണ വാക്സിൻ നൽകി. 39.5 ശതമാനം പേരിൽ ഒരുഡോസെങ്കിലും എത്തിക്കഴിഞ്ഞു എന്നോർക്കണം. കൊവിഡ് രണ്ടാംവരവ് ഇന്ത്യക്കും കേരളത്തിനുമൊരു പാഠം നൽകുന്നുണ്ട്. വൈറസിനോടുള്ള യുദ്ധത്തിൽ പാതിവഴിയിൽ വിജയം പ്രഖ്യാപിക്കരുത്. യുക്തിസഹമല്ലാത്ത വിജയവാദങ്ങൾ നമ്മെ ആത്യന്തികമായി പരാജയത്തിലെ എത്തിക്കൂ എന്ന് തിരിച്ചറിയണം.

Follow Us:
Download App:
  • android
  • ios