Asianet News MalayalamAsianet News Malayalam

ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു; അങ്ങനെ ചെയ്താലും കുഴപ്പമില്ലെന്ന് ബാങ്ക്; സംഭാഷണം പുറത്ത്

ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ഇതിന് ബാങ്ക് ജീവനക്കാരന്റെ മറുപടി. 

phone call audio out of Kottayam suicide binu and Karnataka bank staff sts
Author
First Published Sep 27, 2023, 2:34 PM IST

കോട്ടയം: കോട്ടയം കുടയംപടിയിൽ കർണാടക ബാങ്ക് ജീവനക്കാരന്റെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരിയായ ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.  ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പണം അടയ്ക്കാം എന്ന് ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരൻ മോശമായി സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ഇതിന് ബാങ്ക് ജീവനക്കാരന്റെ മറുപടി. ഫോൺ സംഭാഷണം കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) തിങ്കളാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ​ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. കർണാടക ബാങ്കിലെ ജീവനക്കാരന്റെ നിരന്തരമായ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന വെളിപ്പെടുത്തിയിരുന്നു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.  മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദനയുടെ വെളിപ്പെടുത്തൽ.

കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥൻ കടയിൽ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. ബിനുവിന് രണ്ട് പെൺമക്കളാണുള്ളത്. ബാങ്കിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

 

Follow Us:
Download App:
  • android
  • ios