എ കെ ശശീന്ദ്രനെ തത്കാലം രാജിവയ്‍ക്കേണ്ടെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഗൗരവമേറിയ പ്രശ്നത്തിൽ പരാതിക്കാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ.
തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെ കൈവിടാതെ സിപിഎം. തത്കാലം രാജി വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. ആക്ഷേപങ്ങളിൽ പരിശോധന വേണമെന്നും എകെജി സെന്‍ററിൽ ചേര്‍ന്ന സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും എ കെ ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്താണ് മുഖ്യമന്ത്രിയുടെ പിന്തുണ.
പീഡനപരാതിയാണെന്നറിഞ്ഞിട്ടും ഒതുക്കാൻ മന്ത്രി ശ്രമിച്ചതിന്‍റെ ശബ്ദരേഖ പുറത്തായത് വൻവിവാദമാണ് ഉണ്ടാക്കിയത്. പരാതിക്കാരിയും എൻസിപിക്കാരാനായ അച്ഛനും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടും പ്രതിപക്ഷം രാജിയാവശ്യം ശക്തമാക്കുമ്പോഴും പാര്‍ട്ടിയും മുഖ്യമന്ത്രിയും ശശീന്ദ്രന് പിന്തുണ നല്‍കുകയാണ്. രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങൾ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല.
2017ലെ ഫോൺവിളിയിൽ ശശീന്ദ്രനോട് അതിവേഗം രാജിവെക്കാൻ ആവശ്യപ്പെട്ടത് പിണറായിയായിരുന്നു. മന്ത്രിയും എൻസിപിയും കൊല്ലത്തെ പാർട്ടിയിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് വിവാദമെന്ന വിശദീകരണം മുഖ്യമന്ത്രിയും സിപിഎമ്മുംഇപ്പോൾ കണക്കിലെടുക്കുകയാണ്. പ്രശ്നം മുൻകൂട്ടി അറിയിക്കാതിരുന്നതിലും ഫോൺവിളിയിലും മന്ത്രിക്ക് ജാഗ്രതകുറവുണ്ടായെന്ന് പറയുമ്പോഴും രാജിയാവശ്യം എൻസിപി പ്രസിഡന്‍റ് പിസി ചാക്കോ തള്ളി. ഗൗരവമേറിയ പ്രശ്നത്തിൽ പരാതിക്കാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ. ശശീന്ദ്രനെ പിന്തുണക്കുമ്പോഴും നാളെ നിയമസഭാ സഭാസമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം പ്രശ്നം വലിയ ആയുധമാക്കുമെന്നതിൽ സിപിഎമ്മിന് ആശങ്കയും ബാക്കിയാണ്.
