സുരേന്ദ്രന്‍ ഡിഐജിയായിരിക്കെ മോന്‍സന്‍ മാവുങ്കലിന്‍റെ സൗജന്യം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് അര്‍ഷാദിന്‍റെ വാക്കുകള്‍. 

തിരുവനന്തപുരം: മുന്‍ ഡിഐജി എസ് സുരേന്ദ്രന് (DIG surendran) മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. സുരേന്ദ്രന്‍റെ മകളുടെ പിറന്നാളാഘോഷം സ്പോണ്‍സര്‍ ചെയ്തത് മോന്‍സന്‍ മാവുങ്കലാണെന്ന് (Monson Mavunkal) ഫോട്ടോഗ്രഫര്‍ ടി എച്ച് അര്‍ഷാദ് പറഞ്ഞു. അര്‍ഷാദാണ് സുരേന്ദ്രന്‍റെ മകളുടെ പിറന്നാളോഘഷത്തിന്‍റെ ഫോട്ടോകള്‍ എടുത്തത്. തന്നെ ജോലി ഏല്‍പ്പിച്ചത് മോന്‍സന്‍റെ സുഹൃത്തെന്നും പണം നല്‍കിയത് മോന്‍സനാണെന്നും അര്‍ഷാദ് പറഞ്ഞു. സുരേന്ദ്രന്‍ ഡിഐജിയായിരിക്കെ മോന്‍സന്‍ മാവുങ്കലിന്‍റെ സൗജന്യം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് അര്‍ഷാദിന്‍റെ വാക്കുകള്‍. മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ എടുത്തെങ്കിലും മോന്‍സന്‍ പേയ്മെന്‍റ് തന്നില്ലെന്നും അര്‍ഷാദ് പറഞ്ഞു. 

അതേസമയം നയാപൈസ കയ്യിലില്ലെന്നും പണമെല്ലാം ധൂ‍ർത്തടിച്ചെന്നും മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ല. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങി. പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി. ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്‍റ് ബില്ല് ശരാശരി പ്രതിമാസം 30000 രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് 25 ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പ് പണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവ‍ർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. 

YouTube video player