പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളുടെ രാഷ്ട്രീയത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. പ്രതികളെ കോടതി വെറുതെ വിട്ടതോടെ പൊലീസിനെതിരെ നാടെങ്ങും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് കേസിലെ പ്രതികളുടെ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നത്. പെണ്‍കുട്ടികളുടെ അമ്മ അടക്കം പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് പറയുമ്പോള്‍ നേതാക്കള്‍ അതിനെ എതിര്‍ക്കുന്നുണ്ട്.

എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രതികള്‍ സിപിഎം അനുഭാവികളാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. വാളയാ‌‌ർ കേസിലെ പ്രതികൾ ഇടത് മുന്നണി പ്രവ‌ർത്തകരെന്ന് മരിച്ച കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പറഞ്ഞിരുന്നു. പാർട്ടിയിൽ ആരൊക്കെയായിട്ടാണ് പ്രതികൾക്ക് ബന്ധമുള്ളതെന്ന് അറിയില്ലെന്ന് പറഞ്ഞ അമ്മ രാഷ്ട്രീയ സ്വാധീനമാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും ആരോപിച്ചു.

അപ്പീലിലോ, പൊലീസ് അന്വേഷണത്തിലോ വിശ്വാസമില്ലെന്ന്  ആവർത്തിച്ച പെൺകുട്ടികളുടെ അമ്മ എൽഡിഎഫ് ബന്ധമാണ് ഇവരെ രക്ഷുപ്പെടാൻ സാധിച്ചതെന്ന് ആരോപിക്കുന്നു. കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.

പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.