പയ്യന്നൂരിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ്, പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇതേ അധ്യാപകൻ മുൻപും അതിക്രമം കാട്ടിയിട്ടുണ്ടെന്നും അമ്മ ആരോപിക്കുന്നു.
പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചതായാണ് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
'തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കി'; ക്രൂരത വിവരിച്ച് അമ്മ
പനിയായിരുന്നതിനാൽ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങാതെ ക്ലാസിലിരുന്ന് നോട്ട് എഴുതാൻ കുട്ടിയോട് പറഞ്ഞിരുന്നതായി അമ്മ രഹനസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ രണ്ടാമത്തെ പിരീഡായിരുന്നു പിടി. കളിസ്ഥലത്ത് വരാൻ വൈകിയതിന് മറ്റു കുട്ടികൾക്ക് കാലിന് രണ്ട് അടി നൽകിയ അധ്യാപകൻ, തൻ്റെ മകനെ മാത്രം കുനിച്ചുനിർത്തി പുറത്ത് ഇരുപത്തഞ്ചോളം അടി അടിച്ചു. അടിയേറ്റ കുട്ടി പ്രതികരിക്കാതിരുന്നതിനെ തുടർന്ന് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കിയതായും ഭിത്തിയിലേക്ക് തള്ളിയതായും അമ്മ ആരോപിക്കുന്നു. 'മർദ്ദനമേറ്റ കുട്ടിക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ പുറത്ത് ഗുരുതരമായി ചതേറ്റതായി കണ്ടെത്തി. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് കുട്ടിയുടെ പരിക്കിന്റെ തീവ്രത ബോധ്യപ്പെട്ടത്. സംഭവത്തിൽ പയ്യന്നൂർ പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നൽകി. ഇതേത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബാലാവകാശ കമ്മീഷനും പരാതി നൽകിയെന്നും രഹനാസ് വ്യക്തമാക്കി.
ഒത്തുതീർപ്പ് ശ്രമവുമായി സ്കൂൾ അധികൃതർ; മുൻപും അതിക്രമം നടന്നതായി ആക്ഷേപം
കുട്ടിയുമായി ആശുപത്രിയിൽ എത്തിയ സമയത്ത് സ്കൂൾ പ്രിൻസിപ്പലും മറ്റ് അധ്യാപകരും ചേർന്ന് സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി അമ്മ ആരോപിക്കുന്നു. പോലീസിൽ പരാതിപ്പെടാതിരിക്കാൻ കുട്ടിയുടെ വലിയമ്മയെയും അമ്മയെയും മണിക്കൂറുകളോളം കാറിൽ ഇരുത്തി സമ്മർദ്ദം ചെലുത്തി. അധ്യാപകനെ തൽക്കാലത്തേക്ക് സ്‌കൂളിൽ നിന്ന് മാറ്റിനിർത്താമെന്ന് പറഞ്ഞ് കേസ് ഒതുക്കിത്തീർക്കാനായിരുന്നു മാനേജ്മെന്റിന്റെ ശ്രമം. എന്നാൽ അധ്യാപകനെതിരെ ശക്തമായ നിയമനടപടി വേണം. അധ്യാപകനായി തുടരാൻ ഇയാൾക്ക് അർഹതയില്ല. ചെയ്ത പ്രവർത്തിക്ക് അധ്യാപകൻ ജയിൽശിക്ഷ അനുഭവിക്കണമെന്നും രഹനാസ് പറഞ്ഞു. ഇതേ അധ്യാപകൻ മുൻപ് തന്റെ മൂത്ത മകനെ ഐഡി കാർഡ് ധരിച്ചില്ലെന്ന കാരണത്താൽ സമാനമായ രീതിയിൽ തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ഭിത്തിയിൽ അടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായി രഹനസ് വെളിപ്പെടുത്തി. അന്ന് സ്കൂൾ ക്ലർക്ക് ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അന്ന് സ്കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും അധ്യാപകനെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും രഹനാസ് പറയുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതരും പൊലീസും പ്രതികരിക്കാൻ തയ്യാറായില്ല.


