Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു; രാജ പ്രതിനിധി സന്നിധാനത്ത് എത്തി

തിരുവാഭരണത്തിനൊപ്പം പന്തളത്ത് നിന്നും പല്ലക്കില്‍ പുറപ്പെട്ട രാജപ്രതിനിധി രണ്ട് ദിവസം പമ്പയില്‍ തങ്ങിയശേഷം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സന്നിധാനത്ത് എത്തിയത്.

pilgrim rush in sabarimala after makaravilakku
Author
Sabarimala, First Published Jan 18, 2020, 6:38 AM IST

ശബരിമല: മകരവിളക്കിന് ശേഷവും സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. പന്തളത്ത് നിന്നുംതിരുവാഭരണത്തിനൊപ്പം എത്തിയ പന്തളം കൊട്ടാരം രാജ പ്രതിനിധി ശബരിമല സന്നിധാനത്ത് എത്തി. ദേവസ്വം ബോർഡ് അധികൃതർ രാജപ്രതിനിധിയെ ആചാരപ്രകാരം സ്വീകരിച്ചു. ഇന്നുമുതല്‍ സന്നിധാനത്തെ പ്രധാന പൂജകള്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും നടക്കുക.

തിരുവാഭരണത്തിനൊപ്പം പന്തളത്ത് നിന്നും പല്ലക്കില്‍ പുറപ്പെട്ട രാജപ്രതിനിധി രണ്ട് ദിവസം പമ്പയില്‍ തങ്ങിയശേഷം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലില്‍ വച്ച് ദേവസ്വം ബോർഡ് അധികൃതർ ആചാരപ്രകാരം ഉടവാള്‍ നല്‍കി രാജപ്രതിനിധിയെ സ്വികരിച്ചു.രാജപ്രതിനിധി ദേവസ്വം അധികൃതർക്ക് പുതുവസ്ത്രം നല്‍കി. പിന്നിട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിക്ക് മുന്നിലെത്തി.

പടി ഇറങ്ങിവന്ന മേല്‍ശാന്തി ആചാരം അനുസരിച്ച് കാല്‍കഴുകി സ്വികരിച്ചു. രാജപ്രതിനിധിയും സംഘവും പടികയറി ശ്രികോവിലിന് മുന്നില്‍ എത്തി ദർശനം നടത്തി പണക്കിഴിയും പുതുവസ്തരവും സമർപ്പിച്ചു.ദർശനത്തിന് ശേഷം പല്ലക്കിലേറി മാളികപ്പുറത്തേക്ക് പോയി.

മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനോട് അനുബന്ധിച്ചുള്ള അഭിഷേകങ്ങള്‍ നാളെ അവസാനിക്കും.തീർത്ഥാടകർക്കുള്ല ദർശനം തിങ്കളാഴ്ച വരെ ഉണ്ടാകും. മകരവിളക്കിന് ശേഷവും ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഇല്ലന്നും പരാതി ഉണ്ട്.

Follow Us:
Download App:
  • android
  • ios