തിരുവനന്തപുരം: മാധ്യമ സിന്‍ഡിക്കേറ്റ് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലര്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പഴയ കാര്യങ്ങള്‍ സൂചിപ്പിച്ചത്. തനിക്കെതിരെ മുമ്പുണ്ടായ മാധ്യമ ആരോപണങ്ങളെ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ എന്തൊക്കെ കഥകളാണ് കൊണ്ടുവന്നത്. ശരിയും തെറ്റും ചരിത്രം തീരുമാനിക്കും. ഇതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേരയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'പല നുണവാര്‍ത്തകള്‍ ചിലര്‍ മെനയുന്നു. പണ്ടും നിങ്ങളില്‍ ചിലര്‍ നുണ വാര്‍ത്തകള്‍ എഴുതിയിരുന്നു. പണ്ട് തിരുവനന്തപുരത്തിരുന്ന് സേവ് എന്ന പേരില്‍ ചിലര്‍ വാര്‍ത്തകളെഴുതി. അന്ന് എന്തെല്ലാം വിവാദങ്ങളുണ്ടായി. പിന്നീട് ചില സാഹചര്യത്തില്‍ കൂട്ടത്തിലെ ഒരാള്‍ അതൊക്കെ ഞങ്ങളുണ്ടാക്കിയതാണ് എന്ന് പറഞ്ഞു. ചരിത്രം എല്ലാം വിലയിരുത്തും. ഇതൊക്കെ കണ്ടിട്ടും ശീലിച്ചുമാണ് ഞാന്‍ ഈ കസേരയിലെത്തിയത്'- മുഖ്യമന്ത്രി പറഞ്ഞു. 

മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള മാധ്യമ സിന്‍ഡിക്കേറ്റ് ആരോപണവും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്പ്രിംക്ലര്‍ വിവാദം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മരുന്ന് കമ്പനിയുമായുള്ള സ്പ്രിംക്ലറിന്റെ ബന്ധവും പ്രതിപക്ഷം ആരോപിച്ചു. കുടുംബാംഗങ്ങള്‍ക്ക് നേരെയടക്കം പ്രതിപക്ഷം ആരോപണമുന്നയിച്ചു.