തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേൽ നടന്ന നന്ദി പ്രമേയം സംബന്ധിച്ച ചർച്ചയ്ക്കിടെ ആരോപണ പ്രത്യാരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും. നന്ദി പ്രമേയ പ്രസംഗത്തിൻ്റെ ഭാഗമായി സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. 

മദ്യവില വർധിപ്പിക്കുക വഴി മദ്യകമ്പനികൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനാണ് സർക്കാർ മദ്യവില ഈ ഘട്ടത്തിൽ വർധിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെൻ്റർ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

തദ്ദേശതെരഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിക്കുകയായിരുന്നു എൽഡിഎഫ് എന്നും മുഖ്യമന്ത്രി ലീഗിനെ വർഗീയ കക്ഷിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എടുത്തു പറയാൻ ഒരു വികസന പദ്ധതിയും കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിലുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ ഈ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി കൊടുത്തത്. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ആരും മുസ്ലീം ലീഗിന് കൊടുത്തിട്ടില്ലെന്നും വെൽഫെർ പാർട്ടി സംഖ്യത്തിൽ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് വേറിട്ട നിലപാടിയാരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് വെൽഫെയർ പാർട്ടിയെ തികച്ചറിയാമെന്നും പിണറായി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ -

അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. ഗൗരവമായി പ്രശ്നങ്ങളെ സമീപിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പുകമറകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭാവന സൃഷ്ടി മാത്രമാണ്. പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ അങ്ങേ അറ്റത്തെ ശുഷ്കാന്തി ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുണ്ട്. 2016-17 ൽ 7.8% ശതമാനമായിരുന്നു ഉത്പാദന മേഖലയിലെ വളർച്ച  നോട്ട് നിരോധനം വന്നിട്ടും 9% ആയി വളർച്ചാ നിരക്ക് ഉയർത്താനായി. സ്വന്തം തകർച്ചക്ക് ഉത്തരവാദി ആരെന്ന് കണ്ടെത്താനെങ്കിലും പ്രതിപക്ഷം ശ്രമിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചത് ഈ സർക്കാരിൻ്റെ കാലത്തല്ല മുൻ സർക്കാരിൻ്റെ കാലത്താണ്. അതും ഭൂമി തട്ടിപ്പു കേസിൽ. ലീഗിനെ വിമർശിച്ചു സംസാരിച്ചാൽ അതു മുസ്ലീങ്ങൾക്കെതിരെയാണെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു. മുസ്ലീങ്ങളുടെ അട്ടിപ്പേറ് അവകാശം ലീഗിനാരും കൊടുത്തിട്ടില്ല. ഒരു മുന്നണിയിൽ ഒരു പാർട്ടിയുടെ നേതാവ് മറ്റൊരു പാർട്ടിയുടെ നേതാവ് ആരാകണമെന്ന് പറയുന്നത് എൻ്റെ രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.

വെൽഫയർ പാർട്ടിയെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളി പറയുകയാണ്. ജമാ അത്തെ ഇസ്ലാമിയെ കരുത്തുറ്റ മുസ്ലീം സംഘടനകൾ അംഗീകരിച്ചിട്ടില്ല. മതനിരപേക്ഷത ഇഷ്ടപ്പെടുന്നവർ അവരെ ഇഷ്ടപ്പെടുന്നില്ല. അപ്പോഴും വെൽഫയർ പാർട്ടിയെ എന്തിന് ലീഗ് അംഗീകരിച്ചു.  മതനിരപേക്ഷ പാർട്ടിയായ കോൺഗ്രസിന് ഇത് അംഗീകരിക്കാൻ കഴിയുമോ...? ആഭ്യന്തര സഹമന്ത്രിയായിരുന്ന ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന് വെൽഫയർ പാർട്ടി എന്താണെന്ന് നല്ലവണ്ണം അറിയാം.  സംവരണേതര വിഭാഗങ്ങൾക്ക് 10% സംവരണ കൊണ്ടുവന്നപ്പോൾ അതിനെ മുസ്ലീം ലീഗ് എതിർത്തു. കോൺ​ഗ്രസിൻ്റെ പ്രഖ്യാപിത നിലപാടിനെതിരായിട്ടും മുസ്ലീം​ലീ​ഗിന് മുന്നിൽ അവ‍ർ കീഴടങ്ങി. 

കോൺഗ്രസിന് കോൺഗ്രസിനും ലീഗിന് ലീഗിൻ്റെ നയവുമുണ്ട്. സംവരണേതര വിഭാ​ഗത്തിന് പത്ത് ശതമാനം സംവരണം അനുവദിക്കുമെന്ന് യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തന്നെ പറഞ്ഞിട്ടുണ്ട്.  പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണം നഷ്ടമാകരുതെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരിപ്പ് ഇവിടെ വേവില്ല -  മുഖ്യമന്ത്രിയുടെ ആരോപണത്തിന് ചെന്നിത്തല മറുപടിയായി പറഞ്ഞു.

എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ മറുപടി തള്ളിയ മുഖ്യമന്ത്രി പിന്നെയും രൂക്ഷവിമ‍ർശനം തുട‍ർന്നു  - ഞാൻ ശരിയായ പരിപ്പേ വേവിക്കാറുള്ളൂ. മതനിരപേക്ഷതക്കെതിരെ എന്തെങ്കിലുമുണ്ടായാൽ പ്രതികരിക്കുക തന്നെ ചെയ്യും. സ്വർണ കള്ളക്കട‌ത്തിൽ ശക്തമായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. അന്വേഷണം വഴിതെറ്റിയപ്പോൾ അതിനെ എതി‍ർക്കുകയും ചെയ്തു. 

ഭാസ്ക്കര പട്ടേലരും തൊമ്മിമാരുമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രയോഗം കോൺഗ്രസിനെ ഓർത്താണ് കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തെരെഞ്ഞെുപ്പ് ആലോചിക്കാൻ അവ‍ർക്ക് കഴിയുമോ. പട്ടേലരേയും തൊമ്മിമാരേയും അവിടെ വച്ച് ആനന്ദം കൊണ്ടാൽ മതി. മതനിരപേക്ഷതയിൽ ഊന്നി നിൽക്കുന്ന ശരിയായ പരിപ്പേ ഞാൻ വേവിക്കാറുള്ളൂ. 

ജനങ്ങളുടെ അടിത്തറ വികസിക്കുന്ന മുന്നണിയായി എൽഡിഎഫ് മാറി കഴിഞ്ഞു. 99 മണ്ഡലങ്ങളിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് യുഡിഎഫ് കാണണം. കാർഷിക ഭേദഗതി നിയമം അടക്കമുള്ള നിയമം സുപ്രീം കോടതി സ്റ്റ ചെയ്തിരിക്കുകയാണ്. അതിനാൽ ചർച്ച ചെയ്ത് നിയമനിർമ്മാണത്തെ കുറിച്ച് ആലോചിക്കും. വർഗീയതയെ പ്രോത്സാഹിപ്പിച്ചാൽ കേരള ജനത ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ എറിയും.

സർക്കാരിനെ വിമർശിച്ച് ചെന്നിത്തല പറഞ്ഞത് - 

ഭാസ്കര പട്ടേലരും തൊമ്മിമാരും എന്ന നിലയിലാണ് മന്ത്രിസഭ പ്രവർത്തിക്കുന്നത്. തിരിച്ചൊരു മറുപടി പോലും പറയാൻ തൊമ്മിമ്മാർക്ക് കഴിയുന്നില്ല. മന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ നിയമസഭയിൽ ഉള്ളത്. നയപ്രഖ്യാപനത്തിൽ പറഞ്ഞ ഒരു കാര്യവും നടപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ല. നാല് തവണ ഗവർണർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴത്തെ നയപ്രഖ്യാപനത്തിലും പറയുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയുണ്ട്. അഞ്ചു വർഷം കേരളത്തിന് പാഴായി. കേരളത്തിന് നേട്ടമാവുന്ന ഒരു വൻകിട പദ്ധതിയും നടപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞില്ല. വൈറ്റില്ല - കുണ്ടന്നൂർ മേൽപ്പാലം യുഡിഎഫ് തുടങ്ങിയതാണ്. യുഡിഎഫ് സർക്കാർ അധികാരമൊഴിയും മുൻപേ തന്നെ പദ്ധതിക്ക് ഭരണാനുമതി നൽകി. 

കേരളം ഏറെ പ്രതീക്ഷ വച്ച വിഴിഞ്ഞം പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. 2019 ൽ പൂർത്തിയാകേണ്ടതായിരുന്നു ഈ പ്രൊജ്ക്ട്. പദ്ധതിയുടെ ചുമതലയുള്ള പാവം തുറമുഖ മന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. ഭൂമിക്കടയിലെ ബോംബാണെന്ന് പറഞ്ഞ് ഗെയിൽ പദ്ധതിയെ അട്ടിമറിച്ചത് ആരാണ്? 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടപ്പോൾ ഇരുകവിളത്തും അടി കിട്ടിയെന്ന് ഞങ്ങളാരും പറഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വർഗീയത ഇളക്കിവിട്ടു. മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയൻ മുസ്ലീം ലീഗിനെ വർഗീയമായി ചിത്രീകരിക്കുകയാണ്. കേരളത്തിലെ മതസൗഹാർദ്ദം നിലനിർത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. കേരളത്തിൽ ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല മുതൽ അതു നമ്മൾ കണ്ടതാണ്.