തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ എത്തിയാണ് മുഖ്യമന്ത്രി കൊവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുന്നതോടെ വാക്സിനേഷൻ പൂര്‍ത്തിയാവും. 

വാക്സിനേഷൻ സ്വീകരിക്കാനായി ആരും ശങ്കിച്ചു നിൽക്കേണ്ടെന്നും തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചാണ് മന്ത്രി വാക്സിൻ എടുത്തത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ വാക്സിൻ സ്വീകരിച്ചിരുന്നു.